അറിയാം ഇറാനിൻലെ ഹിജാബിനെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച്

0
80

ഹിജാബിനെതിരെ ഇറാനിയൻ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. അവരുടെ കണ്ണുകളിൽ രോഷവും അവകാശങ്ങളോടുള്ള അഭിനിവേശവുമുണ്ട്. അതുകൊണ്ടായിരിക്കാം ഇറാൻ പോലുള്ള ഒരു രാജ്യത്ത് ഹിജാബിൻ്റെ കാര്യത്തിൽ കർശനമായ നിയമങ്ങൾ ഉണ്ടായിട്ടും സ്ത്രീകൾ മഹ്‌സ അമിനിയുടെ മരണത്തിൽ ദുഃഖിക്കുന്നതും പ്രതിഷേധിക്കുന്നതും. അതേസമയം ഹിജാബിൻ്റെ കാര്യത്തിൽ ഇറാനിയൻ പോലീസിൻ്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഇതാദ്യവുമല്ല.

ലോകത്തെ 195 രാജ്യങ്ങളിൽ 57 എണ്ണവും മുസ്ലീം ഭൂരിപക്ഷമാണ്. ഇതിൽ എട്ടു രാജ്യങ്ങൾ ശരിയത്ത് നിയമം കർശനമായി പാലിക്കുന്നുണ്ട്. എന്നാൽ സ്ത്രീകൾ വീടിന് പുറത്തിറങ്ങുമ്പോൾ ഹിജാബ് ധരിക്കണമെന്ന നിയമം നിലനിൽക്കുന്നത് രണ്ടു രാജ്യങ്ങളിൽ മാത്രമാണ്. ഷിയാ ആധിപത്യമുള്ള ഇറാനും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനുമാണ് ഈ രണ്ട് രാജ്യങ്ങൾ. ഇറാനിൽ ഒരു സ്ത്രീ ഈ നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയാണ് നൽകുന്നത്. 74 ചാട്ടവാറടികൾ മുതൽ 16 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇത്രയും ഉയർന്ന ശിക്ഷകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇറാനിലെ ജനസംഖ്യയുടെ 72 ശതമാനവും ഹിജാബ് നിർബന്ധമാക്കുന്നതിന് എതിരാണെന്നുള്ളതാണ് യാഥാർത്ഥ്യം.

ഹിജാബ് സംബന്ധിച്ച വിവാദം ഇറാനിൽ പുതിയ കാര്യമല്ല. ഏതാണ്ട് ഒരു ദശാബ്ദത്തോളമായി ഈ പ്രവണത തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തവണ ഇരുപത്തിരണ്ടുകാരിയായ മെഹ്‌സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതാണ് ‘ഹിജാബ് വിരുദ്ധ’ പ്രസ്ഥാനത്തെയും ജനങ്ങളെയും കൂടുതൽ പ്രകോപിപ്പിച്ചത്. ഹിജാബ് ധരിക്കാതെ തലസ്ഥാനമായ ടെഹ്‌റാനിൽ കറങ്ങി നടന്നതിനാണ് അമിനി അറസ്റ്റിലായത്. അറസ്റ്റിന് തൊട്ടുപിന്നാലെ അമിനി കോമയിലേക്ക് പോകുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം അതായത് സെപ്റ്റംബർ 16ന് അമിനി പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു.

അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. രാജ്യത്ത് മിക്കയിടങ്ങളിലും സ്ത്രീകൾ ഹിജാബ് വിരുദ്ധ പ്രചാരണങ്ങൾ നടത്തുകയാണ്. നഗരത്തിലെ ചത്വരങ്ങളിൽ സ്ത്രീകൾ ഒത്തുകൂടി ഹിജാബ് അഴിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന കാഴ്ചകളും ഇറാനിൽ കാണാൻ സാധിക്കും. നിലവിൽ ഇറാൻ പോലൊരു മതമൗലികവാദ രാജ്യത്ത്, ഭയാനകമായ ശിക്ഷയെ മറികടന്ന്, സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി തെരുവിൽ പ്രതിഷേധിക്കുകയാണ്.

43 വർഷം മുമ്പ് വരെ ഇറാൻ ഇങ്ങനെയായിരുന്നില്ലെന്നുള്ളതാണ് വാസ്തവം. പാശ്ചാത്യ നാഗരികതയുടെ ആധിപത്യം അവിടെയും കടന്നെത്തിയിരുന്നു. വസ്ത്രധാരണത്തിൻ്റെ കാര്യത്തിൽ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. സ്ത്രീകൾക്ക് എന്തും ധരിച്ച് എവിടെയും പേകാം എവിടേക്കും വരാമെന്നുള്ള സാഹചര്യം. 1979 ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം കടന്നെത്തി. ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ പുറത്താക്കി, രാജ്യത്തുടനീളം ശരിഅത്ത് നിയമം നടപ്പാക്കി മതനേതാവ് ആയത്തുള്ള ഖൊമേനി അധികാരം ഏറ്റെടുത്തതോടെയാണ് കാര്യങ്ങൾ മാറമറിഞ്ഞത്.

ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയ ഉടൻ തന്നെ ഇടയ്ക്കിടെ പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ ഹിജാബ് വിരുദ്ധ പ്രസ്ഥാനത്തിന് പൂർണ്ണ ജീവൻ വയ്ക്കുന്നത് 2014 ലാണ്. ഇറാനിലെ പത്രപ്രവർത്തകയായ മസിഹ് അലിനെജാദ് ലണ്ടനിലെ തെരുവുകളിലുടെ നടക്കുന്ന തൻ്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അന്ന് നൂറുകണക്കിന് ഇറാനിയൻ സ്ത്രീകളാണ് അലിനെജാദിൻ്റെ ഫോട്ടോയ്ക്ക് കമൻ്റുകളുമായി എത്തിയത്. ഇതിൽ രസംപിടിച്ച അവർ മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തു. താൻ ഇറാനിലായിരുന്നപ്പോൾ എടുത്ത ഫോട്ടോയായിരുന്നു അത്. ഈ ചിത്രത്തിലും അവൾ ഹിജാബ് ധിരിച്ചിട്ടുണ്ടായിരുന്നില്ല. ഇതോടെ ഇറാനിയൻ സ്ത്രീകളും ഹിജാബ് ധരിക്കാതെ അവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. അങ്ങനെ ഒരു ഹിജാബ് വിരുദ്ധ പ്രസ്ഥാനം പിറവിയെടുക്കുകയായിരുന്നു. അതേസമയം അലിനെജാദ് ഇപ്പോൾ താമസിക്കുന്നത് അമേരിക്കയിലാണ്.

2014ൽ ഹിജാബിനെതിരെ പ്രതിഷേധിക്കുന്നതിനായി മൈ സ്റ്റെൽത്തി ഫ്രീഡം എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് രൂപീകരിച്ചിരുന്നു. ഈ പേജിലൂടെ ഒത്തുകൂടിയ സ്ത്രീകൾ സമുഹമാധ്യമങ്ങളിൽ ‘മൈ ഫോർബിഡൻ വോയ്സ്’, മെൻ ഇൻ ഹിജാബ്, മൈ ക്യാമറ ഈസ് മൈ വെപ്പൺ തുടങ്ങി നിരവധി സംരംഭങ്ങൾ ആരംഭിച്ചു. 2017 മെയ് മാസത്തിലാണ് വൈറ്റ് വെഡ്‌ഡേ കാംപെയിൻ ആരംഭിച്ചത്. ഈ പ്രചാരണത്തിൽ പങ്കെടുത്ത സ്ത്രീകൾ വെള്ള വസ്ത്രം ധരിച്ചാണ് ഹിജാബിനെതിരെ പ്രതിഷേധിക്കാൻ ആരംഭിച്ചത്. ഇന്ന്, ലോകമെമ്പാടുമുള്ള ഏകദേശം ഏഴ് ദശലക്ഷം ആളുകൾ ഈ കാംപെയിനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 80 ശതമാനവും ഇറാനിൽ നിന്നുള്ളവരാണെന്നുള്ളതാണ് യാഥാർത്ഥ്യം.

ഹിജാബിന്റെ കാര്യത്തിൽ ഇറാനിൽ തുടരുന്ന കാർക്കശ്യം കണക്കിലെടുത്ത്, നെതർലാൻഡ്‌സിലെ ടിൽബർഗ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ അമ്മാർ മാലേകി 2020-ൽ ഒരു സർവേ നടത്തിയിരുന്നു. ഇറാനിയൻ വംശജരായ 50,000 പേരാണ് ഈ സർവേയുടെ ഭാഗമായത്. 15 ദിവസം നീണ്ടുനിന്ന ഈ സർവേ ഫലം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ഇറാനിലെ ജനസംഖ്യയുടെ 72 ശതമാനവും ഹിജാബ് നിർബന്ധമാക്കുന്നതിന് എതിരാണെന്നാണ് അന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കിയത്. നിരവധി വനിതാ സാമൂഹ്യപ്രവർത്തകരാണ് സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ഇറാനിൽ പോരാടുന്നത്. അവർ തങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ടാണ് ഇറാനിലെ സ്ത്രീകൾക്കു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നതെന്നുള്ളതാണ് യാഥാർത്ഥ്യം.

ഈ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് എൽനാസ് സർബാർ. ‘മൈ സ്റ്റെൽത്തി ഫ്രീഡം’ കാംപെയിൻ്റെ ഭാഗമായി എൽനാസും ഹിജാബ് വിരുദ്ധ പോരാട്ടത്തിൻ്റെ മുൻപന്തിയിൽത്തന്നെയുണ്ട്. ‘ഞാൻ ജനിച്ചത് ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ്. കുട്ടിക്കാലം മുതൽ ഹിജാബിൻ്റെ പാരമ്പര്യം കണ്ടുകൊണ്ടാണ് ഞാൻ വളർന്നത്. ഹിജാബ് ധരിക്കാതെ ഒരു സ്ത്രീക്കും സ്‌കൂളിലോ ഓഫീസിലോ പ്രവേശനമില്ല. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന് ഇറാനിൽ 74 ചാട്ടവാറടിയാണ് ശിക്ഷ. നിങ്ങൾ മുസ്ലീമാണോ മറ്റേതെങ്കിലും മതത്തിൽ പെട്ടവനാണോ എന്നുള്ളത് ഇവിടെ പ്രശ്നമല്ല. സഞ്ചാരികൾക്കും ഇതേ നിയമങ്ങൾ ബാധകമാണ്.´- എൽനാസ് പറയുന്നു.

2022 ജൂലൈ 12 ന് ഇറാനിയൻ നടി റോഷ്‌നോ ഹിജാബ് ധരിക്കാത്തതിന് അറസ്റ്റിലായിരുന്നു. ദിവസങ്ങളോളം പീഡിപ്പിക്കപ്പെടുകയും ദേശീയ ടിവിയിൽ മാപ്പ് പറയുകയും ചെയ്തതിനുശേഷമാണ് അവർ മോചിതയായത്.

2018 മാർച്ച് 8 ന് തലസ്ഥാനമായ തെഹ്റാനിലെ ഒരു സ്ത്രീ നിർബന്ധിത ഹിജാബിനെതിരെ പ്രതിഷേധിച്ചിരുന്നു. തൻ്റെ ഹിജാബ് തലയിൽ നിന്നും നീക്കുകയും അതൊരു വടിയുടെ സഹായത്തോടെ തൂക്കിയിടുകയുമായിരുന്നു. ഈ സ്ത്രീക്ക് രണ്ടുവർഷമാണ് ഇറാനിലെ മതകോടതി തടവ് വിധിച്ചത്. മൂന്നു മാസമായി പരോൾ പോലും ലഭിച്ചിട്ടില്ല.

2018 ഫെബ്രുവരി 2 ന് ഹിജാബ് ഇല്ലാതെ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ട 29 വനികളെ ഇറാൻ പൊലീസ് അറസ്റ്റു ചെയ്തു. വിദേശ വാസികളായ ഇറാനിയൻ സ്ത്രീകളുടെ സ്വാധീനഫലമായാണ് വനിതകൾ ഹിജാബ് ഉപേക്ഷിച്ചതെന്ന വാദമാണ് ഇറാൻ പൊലീസ് ഉയർത്തിയത്.