ഉത്തർപ്രദേശിലെ മദ്രസകൾക്ക് പിന്നാലെ വഖഫ് ഭൂമിയിലും അന്വേഷണം പ്രഖ്യാപിച്ച് യോഗി സർക്കാർ. എല്ലാ ജില്ലകളിലും അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ ഭൂമി റവന്യൂ രേഖകളിൽ വഖഫിന്റെ സ്വത്തായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഷരീൽ അഹമ്മദ് സിദ്ദിഖിയുടെ കത്തിൽ പറഞ്ഞിരുന്നു. സെപ്റ്റംബർ 7 ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുകൾക്കും കമ്മീഷണർമാർക്കും അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
1995ലെ വഖഫ് ആക്ട്, 1960ലെ യുപി മുസ്ലിം വഖഫ് ആക്ട് എന്നിവ പ്രകാരം വഖഫ് സ്വത്ത് രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. വഖഫിന്റെ ഭൂമി കൃത്യമായി പരിശോധിച്ച് അതിർത്തി നിശ്ചയിച്ച് റവന്യൂ രേഖകളിൽ ഉൾക്കൊള്ളിക്കണമെന്നാണ് ആവശ്യം.
വഖഫ് ഇതര സ്വത്തുക്കൾ വഖഫ് സ്വത്തുക്കളായി രജിസ്റ്റർ ചെയ്തുവെന്ന ആരോപണത്തെത്തുടർന്ന് 1989 ഏപ്രിൽ 7 ന് പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം 8 നാണ് റദ്ദാക്കിയത്. നിലവിൽ ഈ സ്വത്തുക്കൾ പരിശോധിച്ച് റവന്യൂ രേഖകളിൽ രേഖപ്പെടുത്താനാണ് സർക്കാർ നിർദ്ദേശം.
ഷിയ/സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് യുപി ഡെപ്യൂട്ടി സെക്രട്ടറി ഷക്കീൽ അഹമ്മദ് സിദ്ദിഖി കത്തെഴുതിയിരുന്നു. റവന്യൂ രേഖകളിൽ വഖഫ് സ്വത്തിനെ അങ്ങനെ തന്നെ രേഖപ്പെടുത്തണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കത്തിലുണ്ടായിരുന്നത്.
ഭൂമാഫിയയുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നിരവധി വഖഫ് സ്വത്തുക്കൾ അനധികൃതമായി വിൽക്കുന്നുണ്ടെന്ന് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറഞ്ഞിരുന്നു. ഭൂരിഭാഗം വഖഫുകളും സ്വത്തുക്കൾ ‘വഖഫ്’ ആയി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ സംസ്ഥാന വഖഫ് ബോർഡുകളിലെ റവന്യൂ വകുപ്പുകൾക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും നിർദേശം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ യുപി സർക്കാർ വഖഫ് സ്വത്തുക്കൾ ഏതൊക്കെയെന്ന് ചോദ്യം ചെയ്യുകയും റവന്യൂ രേഖകളിൽ അവയുടെ സ്ഥാനം പരിശോധിച്ച് തിരുത്താൻ ഉത്തരവിടുകയുമാണ് ചെയ്തത്.