കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിന് ‘ഷീസ്റ്റാർട്ട്’ പദ്ധതി ആവിഷ്‌കരിക്കും

0
114
MB Rajesh.

കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിന് ആമസോൺ മാതൃകയിൽ ‘ഷീസ്റ്റാർട്ട്’ പദ്ധതി ആവിഷ്‌കരിക്കുമെന്ന്‌ തദ്ദേശഭരണ മന്ത്രി എം ബി രാജേഷ്. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിച്ച സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള ‘ലക്ഷ്യ–- 2022’ മെഗാ തൊഴിൽമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ച് കൂടുതൽ തൊഴിലവസരം ഒരുക്കാനും കൂടുതൽ സംരംഭകരെ സൃഷ്ടിക്കാനുമുള്ള പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്‌.

നോളജ് ഇക്കണോമി മിഷൻ പദ്ധതിയിലൂടെ ഐടി ഉൾപ്പെടെയുള്ള മേഖലകളിൽ 20 ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സർവേയിൽ 54 ലക്ഷം തൊഴിൽ അന്വേഷകരെയാണ് കണ്ടെത്തിയത്. ഇതിൽ 22 മുതൽ 40 വയസ് വരെയുള്ള 27 ലക്ഷം പേരുണ്ട്.–- അദ്ദേഹം പറഞ്ഞു. മികച്ച തൊഴിൽ യോഗ്യതകൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താത്ത വീട്ടമ്മമാരുടെ വലിയ ഒരു ശതമാനം കേരളത്തിലുണ്ട്‌. സ്വകാര്യ ഏജൻസികളിൽ ചിലത്‌ തൊഴിൽമേളകളെ ചൂഷണത്തിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതായുള്ള പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വട്ടേനാട് ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന തൊഴിൽമേളയിൽ 26 കമ്പനികൾ പങ്കെടുത്തു. ബാങ്കിങ്, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, ഐടി, ഡിപ്ലോമ, ബിസിനസ്, സെയിൽസ് ആൻഡ്‌ മാർക്കറ്റിങ്, ഫിനാൻസ്, ഇൻഷ്വറൻസ് മേഖലകളിലായി രണ്ടായിരത്തോളം ഒഴിവാണുണ്ടായിരുന്നത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് അധ്യക്ഷയായി. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷറഫുദീൻ കളത്തിൽ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എം സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി പ്രിയ, വാർഡ് അംഗം കെ സിനി, സ്‌കൂൾ പ്രധാന അധ്യാപകൻ പി എം മൂസ, എംപ്ലോയ്‌മെന്റ് ഓഫീസർ എസ് ബിനുരാജ് എന്നിവർ സംസാരിച്ചു.