ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് ഷാമിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
177

ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് ഷാമിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൊഹാലിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഷാമിയ്ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഷാമിയെ ഉൾപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിന് ശേഷം 32കാരനായ ഷാമി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ സീസണിലെ ഐപിഎല്ലിൽ ഷാമി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കപ്പുയർത്തിയ ഗുജറാത്ത് ടൈറ്റൻസ് ടീമിലെ ഷാമിയുടെ പ്രകടനം നിർണായകമായിരുന്നു. ഇതോടെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഷാമിയെ ഉൾപ്പെടുത്തണമെന്ന ആവശ്യമായി മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തി.

അടുത്തിടെ നടന്ന ഏഷ്യാ കപ്പിലും ഷാമിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ്‌ബൈ താരമായി ഷാമിയെ ഉൾപ്പെടുത്തിയത്. സെപ്റ്റംബർ 20ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഷാമിയെ ഉൾപ്പെടുത്തിയെങ്കിലും താരത്തിന് കോവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.