ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ എ ടീമിൻറെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസൺ

0
72

ന്യൂസിലാൻഡ് എ ടീമിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ എ ടീമിൻറെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ബിസിസിഐ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായും തെരഞ്ഞെടുത്തു. 16 അംഗ ടീമിൽ പൃഥ്വി ഷാ, ഋതുരാജ് ഗെ‍‍യ്‍ക്‌വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ യുവതാരങ്ങളും ഉൾപ്പെട്ടു. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നൂ മത്സരങ്ങളും. സെപ്റ്റംബർ 22നാണ് ആദ്യ മത്സരം. 25, 27 തീയതികളിൽ രണ്ടും മൂന്നും മത്സങ്ങളും നടക്കും.

അപ്രതീക്ഷിതമായാണ് ബിസിസിഐ സ‍ഞ്ജുവിനെ ക്യാപ്റ്റനായിക്കിയത്. നേരത്തെ ട്വൻറി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷമായി വിമർശനമുയർന്നിരുന്നു. ഏഷ്യാ കപ്പിൽ മോശം ഫോം തുടർന്ന റിഷഭ് പന്തിനെ ഉൾപ്പെടുത്തിയെങ്കിലും സഞ്ജുവിനെ ഒഴിവാക്കി. സിംബാബ്വെക്കെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത സഞ്ജു ഫോമിലാണെന്ന് തെളിയിച്ചെങ്കിലും ഏഷ്യാകപ്പ് ടീമിലും ഇടംപിടിച്ചില്ല.

ഇന്ത്യ എ ടീം– പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്‌വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടീദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ, കുൽദീപ് സെൻ, ഷാർദൂൽ ഠാക്കൂർ, ഉമ്രാൻ മാലിക്ക്, നവ്ദീപ് സെയ്നി, രാജ് അങ്കത് ബാവ.