ഐഫോണ്‍ 14 ഇന്ത്യയില്‍ നാളെയെത്തും, വില 79,900 രൂപ മുതൽ

0
105

ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ ആപ്പിൾ പുറത്തിറക്കിയിരുന്നു. ഇതുവരെ ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ അപ്‌ഡേറ്റാണ് ഐഫോണ്‍ 14 പ്രോ മോഡലുകൾക്ക് ഉള്ളത്. ആപ്പിളിന്റെ ഏറ്റവും കരുത്തന്മാരായ ഫോണുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഐഫോണ്‍ 13 പ്രോ സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യക്ഷത്തിൽ വലിയ വ്യത്യാസം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും സ്‌ക്രീനിനും ക്യാമറയ്ക്കും പ്രോസസറിനും അടക്കം മാറ്റങ്ങളുമായാണ് ആപ്പിൾ ഐഫോൺ 14 പ്രോ മോഡലുകൾ വിപണിയിൽ എത്തുന്നത്.

ഇന്ത്യൻ വിപണിയിൽ എന്ന് ലഭ്യമാകും എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 16-ഓടെ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ ഏറ്റവും പുതിയതായി പുറത്തിറക്കിയത്. 79,900 രൂപ മുതലാണ് ആപ്പിള്‍ ഐഫോണ്‍ 14 സീരീസിന്റെ ഇന്ത്യയിലെ വില ആരംഭിക്കുക.

വർഷങ്ങളായി ആപ്പിൾ 12 എംപി ക്യാമറയാണ് ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് 12 മെഗാപിക്സൽ പ്രൈമറി ക്യാമറയിൽ നിന്ന് ഐഫോൺ മാറുന്നത്. എങ്കിലും ഈ വർഷത്തെ പ്രോ ബ്രാന്‍ഡിങ് ഇല്ലാത്ത ഐഫോണ്‍ 14 മോഡലുകള്‍ക്കു 12 എംപി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ക്യാമറകള്‍ അടങ്ങുന്ന പിന്‍ ക്യാമറ സിസ്റ്റത്തിലെ പ്രധാന ക്യാമറയാണ് 48 എംപി സെന്‍സര്‍.

ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈല്‍ പ്രോസസറായ എ16 ബയോണിക് ആണ് ഐഫോണ്‍ 14 പ്രോ മോഡലുകളിലെ പ്രധാന സവിശേഷത. ഇതിന് 6 കോര്‍ സിപിയു ആണ് ഉപയോഗിക്കുന്നത്. കൂടാതെ തങ്ങളുടെ ക്യാമറാ സിസ്റ്റത്തിനു വേണ്ടി അഞ്ച് വർഷം മുമ്പ് ആപ്പിൾ പ്രത്യേകം അവതരിപ്പിച്ച നോച്ച് സിസ്റ്റം ഇപ്പോൾ ഐഫോണിന്റെ പുതിയ മോഡലുകളിൽ ഇല്ല.

പകരം പില്‍ ആകൃതിയിലുള്ള സംവിധാനമാണ് പുതിയ പ്രോ മോഡലുകളില്‍ കൊണ്ടുവന്നിരിക്കുന്നത്. ഡൈനാമിക് ഐലൻഡ് എന്നാണ് ഇതിന്റെ വിശേഷിപ്പിക്കുന്നത്. ഇത് ഉപയോഗിച്ച് ആപ്പിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍ ദിശ അറിയാൻ, ബാറ്ററി ലെവൽ കാണാൻ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിനുണ്ട്. ഐഫോൺ ഈ അടുത്ത് പുറത്തിറക്കിയിരിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.