അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും സാക്ഷികളുടെ കൂറുമാറ്റം

0
63

അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച 4 സാക്ഷികളും കൂറുമാറി. മുക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ, രഞ്ജിത്ത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. കേസിൽ ആകെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഇതോടെ 20 ആയി. നേരത്തെ മജിസ്ട്രേറ്റിനും പൊലീസിനുമൊക്കെ നൽകിയ മൊഴി നാല് പേരും പൂർണമായി തിരുത്തി. 25 പേരെ വിസ്തരിച്ചതിൽ 20 പേരും കൂറുമാറിയിരിക്കുകയാണ്.

ഇന്നലെയാണ് മധു വധക്കേസിലെ 29ാം സാക്ഷി സുനിൽകുമാർ കൂറു മാറിയത്. മധുവിനെ മർദ്ദിക്കുന്നത് ഉൾപ്പെടെ കണ്ടിരുന്നു എന്നായിരുന്നു നേരത്തെ സുനിൽകുമാർ പൊലീസിന് മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇന്നലെ ഇത് മാറ്റി പറഞ്ഞു. തുടർന്ന് മധുവിനെ മർദ്ദിക്കുന്നത് സുനിൽകുമാർ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിയിൽ പ്രദർശിപ്പിച്ചു. അതോടെ തനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്ന് സുനിൽകുമാർ പറഞ്ഞു. പിന്നീട് കോടതി നിർദ്ദേശ പ്രകാരം ഇയാളുടെ കാഴ്ചശക്തി പരിശോധിച്ചു. പരിശോധനയിൽ കാഴ്ചയ്ക്ക് തകരാറില്ലെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചു. തുടർന്ന് കള്ളസാക്ഷി പറഞ്ഞ് കോടതിയെ കബളിപ്പിക്കാൻ സുനിൽ കുമാർ ശ്രമിച്ചു എന്ന് കാട്ടി പ്രോസിക്യൂഷൻ കോടതിയിൽ ഹർജി സമർപ്പിച്ചു. ഈ ഹർജിയിൽ നാളെ വാദം കേൾക്കും.

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികൾ കള്ളൻ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനിൽ കുമാർ പൊലീസിന് നൽകിയ മൊഴി. ഈ മൊഴിയാണ് സുനിൽ കുമാർ കോടതിയിൽ മാറ്റി പറഞ്ഞത്.