കെ.പി.സി.സി അംഗങ്ങളുടെ പട്ടികയെ ചൊല്ലി പത്തനംതിട്ടയിലും പരാതി

0
88

കെ.പി.സി.സി അംഗങ്ങളുടെ പട്ടികയെ ചൊല്ലി പത്തനംതിട്ടയിലും പരാതി.ജില്ലയിൽ നിന്നുള്ള കെ പി സി സി അംഗങ്ങളെ നിശ്ചയിച്ചപ്പോൾ സമുദായ സന്തുലനം പാലിച്ചില്ലെന്നാണ് പരാതി.മുൻ കെ പി സി സി സെക്രട്ടറി അജീബ എം സാഹിബാണ് പരാതിയായി രംഗത്തെത്തിയിരിക്കുന്നത്.
കെപിസിസി പട്ടിക പുറത്തു വന്നതോടെ വ്യാപക പരാതിയാണ് ജില്ലയിൽ ഉയർന്നുവരുന്നത്. ഒരു വിഭാഗം നേതാക്കളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഒഴിവാക്കി എന്നും പരാതിയുണ്ട്. ഇതിനുപുറമെയാണ് പട്ടിക സാമുദായിക ധാരണകൾ പാലിച്ചില്ല എന്ന പരാതിയുമായി മുൻ കെപിസിസി സെക്രട്ടറി അജീബ എം സാഹിബ് രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ 20 വർഷമായി സാമുദായികമായി അവഗണന നേരിടുന്നു എന്നും ഇവർ പരാതിപ്പെടുന്നു. പട്ടികയിൽ വനിതകൾക്കും മതിയായ പ്രാതിനിധ്യം നൽകിയിട്ടില്ലന്ന് അജീബ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ രാഹുൽഗാന്ധിക്ക് പരാതി നൽകാനാണ് അജീബയുടെ തീരുമാനം. കെപിസിസി പട്ടികയിൽ ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിൽ അനുജൻ ശൈലജ് ഇടം പിടിച്ചതും ജില്ലയിൽ ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരസ്യപ്രതികരണങ്ങൾ ഉണ്ടാകാൻ തന്നെയാണ് സാധ്യത.