ഗോവയിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം കോൺഗ്രസിന്റെ 8 എംഎൽഎമാർ ബിജെപിയിലേയ്ക്ക്. ബിജെപിയിൽ ലയിക്കാനുള്ള പ്രമേയം വിമതർ പാസാക്കിയതോടെ കോൺഗ്രസ് വൻതിരിച്ചടിയാണ് നേരിടുന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കോൺഗ്രസ് വിമതർ കൂടിക്കാഴ്ച്ച നടത്തി. ഗോവയിൽ കോൺഗ്രസിന് 11 എംഎൽഎമാരാണുള്ളത്. നിലവിൽ വിമതർക്ക് കൂറുമാറ്റ നിരോധനിയമം തടസമാകില്ല. കോൺഗ്രസിന് പുതുജീവൻ നൽകാൻ രാഹുൽ ഗാന്ധി യാത്ര നടത്തുന്നതിനിടയിലാണ് ഗോവയിൽ വൻ അട്ടിമറി. മുൻമുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോയും അടക്കം എട്ടുപേരാണ് കോൺഗ്രസ് പാളയം വിട്ടത്.
കോൺഗ്രസ് എംഎൽഎമാർ ബിജപിയിൽ ചേരുമെന്ന് ആദ്യം സ്ഥിരീകരിച്ചത് ഗോവ ബിജെപി അധ്യക്ഷൻ സദാനന്ദ് താനവഡെയാണ്. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ച് ബിജെപിയിൽ ലയിക്കാനുള്ള തീരുമാനം ൈമക്കിൾ ലോബോ എടുത്തു. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച്ച നടത്തി. 40 അംഗ നിയമസഭയിൽ ബിജെപിക്ക് 20 എംഎൽഎമാരാണുള്ളത്. ഭൂരിപക്ഷത്തിന് ഒരു എംഎൽഎയുടെ കുറവ്. എംജിപിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. കൂറുമാറാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ദിഗംബർ കാമത്തിനെയും മൈക്കിൾ ലോബോയെയും അയോഗ്യരാക്കാൻ കോൺഗ്രസ് നേതൃത്വം നേരത്തെ നിയമസഭാ സ്പീക്കർക്ക് കത്തുനൽകിയിരുന്നു. ഇതിൽ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല.
മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിനെ ഗോവയിലെ പ്രതിസന്ധി തീർക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാർഥികളെക്കൊണ്ടും തിരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാരെക്കൊണ്ടും പാർട്ടി വിടില്ലെന്ന് കോൺഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു.