നവീകരിച്ച വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ തന്നെ ട്രാക്കിലേക്ക്

0
218

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിശാലവുമായ റെയിൽ ഗതാഗതമാണ് ഇന്ത്യൻ റെയിൽവേ. എല്ലാ പ്രധാന സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന റെയിൽവേ ഇന്ന് ആധുനികവത്ക്കരണത്തിൻറെ പാതയിലാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നിർണ്ണായകമായ നിരവധി മാറ്റങ്ങളാണ് റെയിൽവേയിൽ ഉണ്ടായിരിയ്ക്കുന്നത്. ട്രെയിൻ, ടിക്കറ്റ് ബുക്കിംഗ്, യാത്രാ സൗകര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ നിർണ്ണായകമായ മാറ്റങ്ങൾ കാണുവാൻ സാധിക്കും.

എന്നാൽ, ഇപ്പോൾ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത‍യുമായി എത്തിയിരിയ്ക്കുകയാണ്. അതായത്, നവീകരിച്ച വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ തന്നെ ട്രാക്കിലെത്തുമെന്നാണ് റെയിൽവേ അറിയിയ്ക്കുന്നത്.

നിരവധി പുത്തൻ ഫീച്ചറുകളുമായാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എത്തുന്നത്. പുതിയ വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർക്ക് മെച്ചപ്പെട്ടതും മികച്ചതുമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ഈ ട്രെയിനുകൾ സെപ്റ്റംബർ 30 ന് ട്രാക്കിലെത്തും.

റെയിൽവേ മന്ത്രാലയത്തിൻറെ പ്രഖ്യാപനം അനുസരിച്ച്, അതിവേഗ ട്രെയിനായ വന്ദേ ഭാരതിൻറെ പുതിയ പതിപ്പിൽ ഏറെ മികച്ച സവിശേഷതകൾ ഉണ്ടായിരിക്കും. പദ്ധതി പ്രകാരം മുന്നോട്ടു പോകുകയാണ് എങ്കിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സെപ്റ്റംബർ 30 മുതൽ ഓടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിശദാംശങ്ങൾ നൽകിക്കൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു,

“ട്രെയിനിന് സിആർഎസ് അനുമതി ലഭിച്ചു. അതായത്, ഇപ്പോൾ ട്രെയിൻ പൂർണ്ണമായും ഓടാൻ തയ്യാറാണ്. സെപ്റ്റംബർ 30ന് അഹമ്മദാബാദിൽ നിന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാനാണ് സാധ്യത,” അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരത് ട്രെയിൻ നൽകുന്ന പുതിയ സൗകര്യങ്ങൾ:-

പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് പഴയ ട്രെയിനുകളെ അപേക്ഷിച്ച് ഭാരം കുറവാണ്. കൂടാതെ, ഇവയ്ക്കു വേഗതയും കൂടും. കൂടാതെ, WI-FI സൗകര്യം, LCD TV മുതലായവയും ലഭ്യമാണ്.

കാറ്റലിറ്റിക് അൾട്രാവയലറ്റ് എയർ പ്യൂരിഫിക്കേഷൻ സംവിധാനവും (Catalytic Ultra Violet Air Purification System) ഈ ട്രെയിനിലുണ്ടാകും. ഈ പുതിയ ട്രെയിനിൽ വായു ശുദ്ധീകരണത്തിനായി ഏറ്റവും പുതിയ സംവിധാനമാണ് നടപ്പാക്കിയിരിയ്ക്കുന്നത്.

പുതിയ ട്രെയിനിൽ, വായു ശുദ്ധീകരണത്തിനായി പുതുതായി രൂപകല്പന ചെയ്ത റൂഫ് മൗണ്ടഡ് പാക്കേജ് യൂണിറ്റാണ് ഉള്ളത്. ഈ സംവിധാനം അണുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ എന്നിവ അടങ്ങിയ അശുദ്ധ വായു പുറന്തള്ളി വായു ശുദ്ധീകരിയ്ക്കുകയും ചെയ്യുന്നു.

സാങ്കേതിക മാറ്റങ്ങൾ:
പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ നിരവധി സാങ്കേതിക മാറ്റങ്ങൾ വരുത്തിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. അതനുസരിച്ച്, നിലവിലെ ട്രെയിനുകളിൽ സീറ്റിൻറെ പിൻഭാഗം മാത്രമേ നീക്കാൻ കഴിയൂ എന്നാൽ പുതിയ ട്രെയിനിൽ മുഴുവൻ സീറ്റും യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് നീക്കാനാകും.

ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് വൻ പദ്ധതിയാണ് നടപ്പാക്കുന്നത്.
2023 ആഗസ്റ്റ്‌ 15 ന് മുമ്പ് 75 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തും എന്നാണ് റെയിൽവേ നൽകുന്ന സൂചന. പുതിയ ട്രെയിനിൻറെ നിർമ്മാണത്തിന് ശേഷം ശേഷിക്കുന്ന 74 വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണം എത്രയും വേഗം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ആദ്യ രണ്ട്-മൂന്ന് മാസങ്ങളിൽ, എല്ലാ മാസവും 2-3 വന്ദേ ഭാരത് ട്രെയിനുകൾ അസംബിൾ ചെയ്യുമെന്നും തുടർന്ന് ഉത്പാദനം പ്രതിമാസം 6 മുതൽ 7 വരെ വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.