പാകിസ്ഥാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ട സരബ്ജിത് സിംഗിന്റെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു

0
47

2013ൽ പാകിസ്ഥാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പഞ്ചാബിലെ ഫത്തേപൂരിന് സമീപമുണ്ടായ അപകടത്തിലാണ് സുഖ്പ്രീത് കൗർ മരിച്ചത്. ഇരുചക്രവാഹനത്തിൽ യാത്രചെയ്യുകയായിരുന്ന ഇവർ അബദ്ധത്തിൽ റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സുഖ്പ്രീത് കൗറിനെ രക്ഷിക്കാനായില്ല. സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച ജന്മസ്ഥലമായ തരൺ തരണിലെ ഭിഖിവിന്ദിൽ നടക്കും. ഇവർക്ക് പൂനം, സ്വപന്ദീപ് കൗർ എന്നീ രണ്ട് പെൺമക്കളാണുള്ളത്. ജൂണിൽ, സരബ്ജിത്തിന്റെ സഹോദരി നെഞ്ചുവേദനയെ തുടർന്ന് മരിച്ചിരുന്നു. സരബ്ജിത്തിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനായി വിവിധ ഇടങ്ങളിൽ ശബ്ദം ഉയർത്തിയ ദൽബീർ കൗറാണ് മരിച്ചത്.

2013 ഏപ്രിലിൽ ലാഹോർ ജയിലിൽ തടവുകാർ നടത്തിയ ആക്രമണത്തിലാണ് 49കാരനായ സരബ്ജിത് സിംഗ് കൊല്ലപ്പെട്ടത്. 1991-ൽ പാകിസ്ഥാൻ കോടതി ഭീകരവാദത്തിനും ചാരവൃത്തിക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ 2008-ൽ അദ്ദേഹത്തിന്റെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് സർക്കാർ സ്റ്റേ ചെയ്തിരുന്നു. അപ്രതീക്ഷിത മരണത്തിന് ശേഷം സരബ്ജിത്തിന്റെ മൃതദേഹം ലാഹോറിൽ നിന്ന് അമൃത്സറിലേക്ക് കൊണ്ടുവന്നാണ് സംസ്‌കരിച്ചത്.