പട്ടാപ്പകൽ മുഖത്ത് സ്‌പ്രേയടിച്ച് ആഭരണങ്ങളും പണവും കവർന്നു

0
95

കുഞ്ഞിമംഗലം തലായിമുക്കിൽ മുഖത്ത് സ്‌പ്രേയടിച്ച് യുവതിയുടെ ആഭരണങ്ങളും പണവും കവർന്നു. വസ്ത്രവ്യാപാരം നടത്തുന്ന മുട്ടം വെങ്ങര സ്വദേശിനി വി.കെ.സൗമ്യയുടെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സ്ഥാപനത്തിലെത്തിയ മോഷ്ടാവ് സൗമ്യയുടെ മുഖത്ത് സ്‌പ്രെ അടിച്ച് കവർച്ചനടത്തി രക്ഷപ്പെടുകയായിരുന്നു.

തലായിമുക്ക് -ഏഴിലോട് റോഡിൽ പ്രവർത്തിക്കുന്ന സഞ്ജന ഗാർമെന്റ്‌സിലാണ് സൈക്കിളിലെത്തിയ ആൾ കവർച്ചനടത്തിയത്. സംഭവസമയത്ത് കടയിൽ സൗമ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൗമ്യയുടെ രണ്ടേകാൽ പവന്റെ മാലയും കൈയിലുണ്ടായിരുന്ന വളയും പഴ്‌സിലുണ്ടായിരുന്ന 1500 രൂപയുമാണ് കവർന്നത്.

യുവതിയുടെ മുഖത്ത് സ്‌പ്രേ അടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടാക്കിയായിരുന്നു കവർച്ചനടത്തിയത്. അതേസമയം സ്വർണമാണെന്ന് കരുതി മോഷ്ടാവ് കൊണ്ടുപോയത് തിരൂർ പൊന്നിന്റെ വളയാണ്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സൈക്കിളിലെത്തിയ മോഷ്ടാവിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.