കഞ്ചാവുമായി അച്ഛനും മകനുമടക്കം നാലുപേർ പിടിയിലായി

0
88

ആന്ധ്രാപ്രദേശിൽ നിന്ന് ലോറിയിൽ കടത്തിയ കഞ്ചാവുമായി അച്ഛനും മകനുമടക്കം നാലുപേർ പിടിയിലായി. നാല് ചാക്കുകളിലായി ഒളിപ്പിച്ച എൺപത് കിലോ കഞ്ചാവാണ് എക്സൈസ് മൂവാറ്റുപുഴയിൽ വെച്ച് പിടികൂടിയത്. 1500 കിലോ കഞ്ചാവാണ് സംഘം കേരളത്തിലെത്തിച്ച് വിതരണം ചെയ്തത്.

കാളിയാർ സ്വദേശി തങ്കപ്പൻ, മകൻ അരുൺ, പടിഞ്ഞാറെ കോടിക്കുളം സ്വദേശി നിതിൻ വിജയൻ, ചീങ്കൽസിറ്റിയിൽ അബിൻസ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലും ഇടുക്കി ജില്ലയിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ നാലുപേരും. കഞ്ചാവ് ശേഖരിക്കാൻ ആഴ്ചകൾക്ക് മുൻപേ നാലംഗ സംഘം ആന്ധ്രയിൽ എത്തി. ഇവിടെ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച കഞ്ചാവ് നാഷനൽ പെർമിറ്റ് ലോറിയിൽ മറ്റ് ലോഡുകൾക്കൊപ്പം ഒളിപ്പിച്ചാണ് കേരളത്തിലേക്ക് കടത്തിയത്.

1500 കിലോയിലേറെ കഞ്ചാവാണ് എത്തിച്ചിരുന്നത്. പലസ്ഥലത്തും വിതരണം ചെയ്ത് മിച്ചമുണ്ടായിരുന്ന എൺപത് കിലോയാണ് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്ന് ഒരു കിലോയ്ക്ക് മൂവായിരം രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് പത്തിരട്ടി വിലയ്ക്കാണ് വിൽപന. ഇടുക്കി സ്വദേശി നാസറാണ് സംഘത്തിന്റെ തലവനെന്ന നിർണായക വിവരവും എക്സൈസിന് ലഭിച്ചു. നാസറിനായുള്ള തിരച്ചിൽ ഊർജിതമാക്കിയ എക്സൈസ് പിടിയിലായവരുടെ ലഹരിയിടപാടുകൾ സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു.