ഏഴര പതിറ്റാണ്ടു നീണ്ട കറുത്ത ചരിത്രം മാറ്റിയെഴുതി 17ന് ഇന്ത്യയിൽ ചീറ്റകളുടെ ആദ്യ സംഘമെത്തും. ഇന്ത്യയിലെ അവസാന ചീറ്റകളെന്നു കരുതപ്പെട്ട 3 എണ്ണത്തെ വെടിവച്ചിട്ടതു 1947 ൽ ആയിരുന്നു. ഇപ്പോൾ ഛത്തീസ്ഗഡിന്റെ ഭാഗമായ സർഗുജ നാട്ടുരാജ്യത്തെ രാജാവായിരുന്ന രാമാനുജ് സരൻ സിങ് ദേവിന്റെ നായാട്ടിനുശേഷം ഇന്ത്യയിൽ ചീറ്റകളെ കണ്ടിട്ടില്ല. വംശനാശം വന്നതായി 1952 ൽ സർക്കാർ തന്നെ പ്രഖ്യാപിച്ചു. 75 വർഷത്തിനു ശേഷം നമീബിയയിൽനിന്നാണ് ഇവയെ ഇന്ത്യയിലെത്തിക്കുന്നത്. തന്റെ പിറന്നാൾ ദിനമായ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്കു തുടക്കമിടും.
2009 ലാണ് ചീറ്റകളെ ആഫ്രിക്കയിൽനിന്ന് എത്തിക്കാനുള്ള പദ്ധതി ആരംഭിച്ചത്. ഈ വർഷം 25 ചീറ്റകളെ എത്തിക്കാനാണു ലക്ഷ്യം; 5 വർഷം കൊണ്ട് 50 എണ്ണത്തെ കൊണ്ടുവരും. ദക്ഷിണാഫ്രിക്കയുമായും ഇതിനായി ധാരണാപത്രം ഒപ്പിടും. 17ന് 8 ചീറ്റകളെത്തും. നബീയയിൽനിന്നു കാർഗോ വിമാനത്തിൽ ജയ്പുരിലേക്കാണ് എത്തിക്കുന്നത്. വലിയ കൂടുകളിലാക്കി, ശാന്തരാക്കാൻ പ്രത്യേക ഉറക്കമരുന്നും നൽകിയാണു യാത്ര. ഇവയെ പിന്നീടു ഹെലികോപ്റ്ററിൽ മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിലേക്കു മാറ്റും. ഒരു മാസത്തെ പ്രത്യേക ക്വാറന്റീനുണ്ടാകും. ഒരു ഭൂഖണ്ഡത്തിൽ നിന്നു മറ്റൊന്നിലേക്കു മാറ്റുമ്പോഴുള്ള പ്രോട്ടോകോൾ പ്രകാരമാണിത്. ചീറ്റകളുടെ വരവു പ്രമാണിച്ചു കുനോ പാർക്കിനു സമീപത്തെ ഗ്രാമങ്ങളിലെ ആളുകളെ പുനരധിവസിപ്പിച്ചു. ചീറ്റകളുടെ ആക്രമണങ്ങളിൽ നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരത്തിനുൾപ്പെടെ വ്യവസ്ഥയുണ്ടാകും.
ചീറ്റകൾ വരുന്നതു കൊണ്ട് ഗ്വാളിയോർ, ചമ്പരാൻ മേഖലയിലെ ശിവ്പുരി, അശോക് നഗർ, ഗുണ എന്നിവിടങ്ങളിലെ കർഷകരും സന്തോഷത്തിലാണ്. ഈ മേഖലയിൽ വ്യാപകമായി കാണുന്ന കറുത്തമാനുകൾ വിള നശിപ്പിക്കുന്നുവെന്ന പരാതിയുള്ളവരാണ് കർഷകർ. ഇതു കൂടി കണക്കിലെടുത്താണ് മധ്യപ്രദേശ് സർക്കാർ ചീറ്റപുലികളുടെ ഇരതേടലിനു വഴിയൊരുക്കുന്നത്. ശിവ്പുരി, അശോക് നഗർ, ഗുണ എന്നിവിടങ്ങളിലെ മാൻ കൂട്ടത്തെ പതിയെ കുനോ പാർക്കിലേക്കും അനുബന്ധ കാടുകളിലേക്കും മാറ്റും.