രാജകുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങിൽ എല്ലാ സമുദായക്കാർക്കും ഇനി പങ്കെടുക്കാം

0
109

നായർ സമുദായം ഉൾപ്പെടെയുള്ള സമുദായക്കാർക്ക് രാജകുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാനുള്ള വിലക്ക് കൊച്ചി രാജകുടുംബം അവസാനിപ്പിച്ചു. രാജകുടുംബത്തിലെ അംഗങ്ങൾ താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്താൽ മരണാനന്തരകർമ്മങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന സമ്പ്രദായം കൊച്ചി രാജകുടുംബം തുടർന്നു വന്നിരുന്നു. ഈ രീതിയാണ് രാജകുടുംബം അവസാനിപ്പിച്ചത്. ഒരു നായർ കുടുംബ നാഥൻ്റെ പരാതി വിവാദമായ പശ്ചാത്തലത്തിലാണ് കൊച്ചി രാജകുടുംബം പ്രസ്തുത തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

രാജകുടുംബാംഗമായ തൻ്റെ ഭാര്യയെയും മക്കളെയും കഴിഞ്ഞദിവസം നിര്യാതയായ അമ്മയുടെ മരണാനന്തരകർമ്മങ്ങളിൽ വിലക്കിയെന്നു കാട്ടിയാണ് കുടുംബനാഥൻ പരാതി ഉന്നയിച്ചത്. കളിക്കോട്ട സ്റ്റാച്യു റോഡിലെ പാലസിൽ താമസിക്കുന്ന നായർ കുടുംബനാഥൻ്റെ പരാതിയാണ് വിവാദത്തിലായത്. പരാതി വിവാദമായ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം രാജകുടുംബാംഗങ്ങളുടെ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. ഈ ചർച്ചയിലാണ് നിലവിലെ വിവാദമായ ഒഴിച്ചു നിർത്തൽ പിൻവലിക്കാൻ തീരുമാനമായത്.

മരിച്ച വയോധികയുടെ മകളെയും പേരക്കുട്ടികളെയും അടിയന്തിര ചടങ്ങുകളിൽ പങ്കെടുപ്പിക്കാനും രാജകുടുംബാംഗങ്ങളുടെ സംഘടന ഭാരവാഹികളുടെ ചർച്ചയിൽ തീരുമാനമായി. മുടക്കംവന്ന കർമ്മങ്ങളുടെ പ്രായശ്ചിത്ത കർമ്മങ്ങൾ നടത്തണമെന്ന് തീരുമാനവും യോഗം കൈക്കൊണ്ടിരുന്നു. ചടങ്ങുകൾ നടത്തുന്നത് ആലോചിക്കുമെന്ന് ഭാരവാഹികൾ അറയിച്ചിട്ടുണ്ടെന്നും രാജകുടുംബം വ്യക്തമാക്കുന്നു.

അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വീട് അമ്മയ്ക്കും മക്കൾക്കും രാജകുടുംബം നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. വീട്ടമ്മയുടെ ഭർത്താവ് നായർ സമുദായത്തിൽ ഉൾപ്പെയാളായതിനാലാണ് അന്ത്യകർമ്മങ്ങളിൽ ഭ്രഷ്ട് കൽപ്പിച്ചത്. എന്നാൽ രണ്ട് പതിറ്റാണ്ടായി ഇവർക്കൊപ്പമായിരുന്നു മാതാവ് താമസിച്ചിരുന്നത്. സംഭവം വീട്ടമ്മയുടെ കുടുംബത്തിന് വലിയ മനോവേദനയുണ്ടാക്കിയെന്നാണ് പരാതി.

കൊച്ചി രാജകുടുംബത്തിലുള്ളവരുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത് പ്രത്യേക പദവിയുള്ള കാർമ്മികനാണ്. ഈ കാർമ്മികനാണ് മറ്റു സമുദായക്കാർക്ക് ഭൃഷ്ട് ഏർപ്പെടുത്തിയ കാര്യം അറിയിച്ചത്. എന്നാൽ ഇക്കാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് രാജകുടുംബാംഗങ്ങളുടെ സംഘടന ഭാരവാഹികൾ പറഞ്ഞത്. കുടുംബാംഗങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാമെന്നും ചടങ്ങിൽ സൃഷ്ടി കൽപ്പിച്ച് കർമ്മിയെ മാറ്റുന്ന കാര്യം ആലോചിക്കുമെന്നും രാജകുടുംബ സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.