ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച 9/11 ആക്രമണം നടന്നിട്ടു ഇന്ന് 21 വർഷം

0
194
OLYMPUS DIGITAL CAMERA

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇതുവരെയുള്ള ഏറ്റവും പേടിപ്പിക്കുന്ന ദൃശ്യം ഏതെന്ന ചോദ്യത്തിന്റെ ഉത്തരം വേൾഡ് ട്രേഡ് സെന്റർ ആക്രമണമാണ്. ഇരട്ട കെട്ടിടങ്ങളിലേക്ക് വിമാനങ്ങൾ ഇടിച്ചു കയറിയത് കൃത്യം 21 വർഷം മുൻപാണ്.

2001 സെപ്റ്റംബർ 11. അമേരിക്കയിൽ സമയം രാവിലെ 8.46. ഇന്ത്യയിൽ അപ്പോൾ വൈകിട്ട് 6.16. ലോകം മരവിച്ചു നിന്ന നിമിഷം. ആഗോള വ്യാപാരത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ ടവറുകളിൽ ഒന്നിലേക്ക് ഒരു വിമാനം ഇടിച്ചിറങ്ങി.

110 നിലകളിൽ ഒന്നിന്റെ എൺപതാം നിലയിലേക്കായിരുന്നു വെടിയുണ്ടപോലെ വിമാനം തറഞ്ഞുകയറിയത്. നിയന്ത്രണം വിട്ടതാകാം എന്ന് സംശയിക്കുന്നതിനിടെ 9.03 ന് രണ്ടാമത്തെ വിമാനവും ഇടിച്ചിറക്കി. 9.37ന് മൂന്നാമത്തെ വിമാനം പ്രതിരോധ ആസ്ഥാനമായ പെന്റഗണിനു സമീപം. 10.03ന് മറ്റൊരു വിമാനം പെൻസിൽവാനിയയിലെ മൈതാനത്തും തകർന്ന് വീണു.

ആകെ മരണം 2977. കൊല്ലപ്പെട്ടവർ 77 രാജ്യങ്ങളിൽ നിന്നുള്ളവർ. അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയ 19 അൽഖ്വയ്ദാ ഭീകരർ നാല് സംഘങ്ങളായി തിരിഞ്ഞാണ് വിമാനങ്ങൾ റാഞ്ചിയത് എന്നായിരുന്നു കണ്ടെത്തൽ. പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് തിരിച്ചടിക്കു നിർദേശം നൽകി. ഒരുമാസം തികയും മുൻപ് ഒക്ടോബറിൽ അമേരിക്കൻ സൈന്യം അഫ്ഗാനിലെത്തി. ഡിസംബറിൽ താലിബാൻ ഭരണം വീണു.

പിന്നെയും പത്താണ്ടു കഴിഞ്ഞ് 2011ൽ അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചു. മറ്റൊരു പത്ത് വർഷം കൂടി നാറ്റോ സൈന്യം അഫ്ഗാനിസ്താനിൽ തുടർന്നു. രണ്ടു പതിറ്റാണ്ടിനുശേഷം മടങ്ങുമ്പോൾ പിന്നെയും അധികാരം പിടിച്ചതു താലിബാനാണ്. ആരേ ഇല്ലാതാക്കാനാണോ യുദ്ധം പ്രഖ്യാപിച്ചത്, അവർ തന്നെ അധികാരത്തിൽ തുടരുന്നു എന്നതാണ് സെപ്റ്റംബർ 11ന്റെ ബാക്കി പത്രം.