EPFO പെൻഷൻ പദ്ധതിയിൽ അസംഘടിത തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയേക്കുമെന്നു റിപ്പോർട്ട്

0
71

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) പെൻഷൻ പദ്ധതിയിൽ അസംഘടിത മേഖലയിലെ തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയേക്കുമെന്നു റിപ്പോർട്ട്. നിലവിൽ, പ്രതിമാസം 15,000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ള സംഘടിത മേഖലയിലെ തൊഴിലാളികൾക്കു മാത്രമായി ഇപിഎഫ് പെൻഷൻ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഫിനാൻഷ്യൽ എക്‌സ്പ്രസ് ആണ് ഇതുസംബന്ധിച്ചു വാർത്ത പുറത്തുവിട്ടത്. സാർവത്രിക പെൻഷൻ സ്‌കീം (Universal Pension Scheme- UPS) എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി വ്യക്തിഗത സംഭാവനയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും 60 വയസ് തികഞ്ഞതിന് ശേഷം ഓരോ തൊഴിലാളിക്കും ഒരു മാസം കുറഞ്ഞത് 3,000 രൂപ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.

സൂപ്പർഅനുവേഷൻ പെൻഷൻ, കുട്ടികളുടെ പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയും നിർദ്ദിഷ്ട പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം പെൻഷൻ ആനുകൂല്യത്തിനുള്ള എറ്റവും കുറഞ്ഞ സേവനകാലം നിലവിലെ 10 വർഷത്തിൽ നിന്ന് 15 വർഷമായി ഉയർത്തിയേക്കുമെന്നും സൂചനയുണ്ട്. ഇപിഎഫ്ഒ അംഗം 60 വയസിന് മുമ്പ് മരിച്ചാൽ കുടുംബത്തിന് പെൻഷൻ നൽകാനുള്ള വ്യവസ്ഥയുണ്ടാകും.

മാസം കുറഞ്ഞത് 3000 രൂപ പെൻഷൻ നൽകുന്നതിനു കുറഞ്ഞത് 5.4 ലക്ഷം രൂപയെങ്കിലും സമാഹരിക്കേണ്ടതുണ്ട്. കൂടുതൽ തുക സംഭാവന ചെയ്തു പെൻഷൻ വർധിപ്പിക്കാനുള്ള അവസരം തൊഴിലാളികൾക്കുണ്ടാകുമെന്ന് പദ്ധതിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 8.1 ശതമാനം പലിശ ഇപിഎഫ് പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതു നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കൊവിഡിനെ തുടർന്ന് അ‌ടുത്തിടെയാണ് സർക്കാർ പലിശ 8.5 ശതമാനത്തിൽ നിന്ന് 8.1 ശതമാനമാക്കി കുറച്ചത്. എന്നിരുന്നാലും മറ്റു സാമ്പത്തിക ഉപകരണങ്ങളുടെ പലിശയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഇതു മികച്ചതാണ്.

പദ്ധതി പ്രാവർത്തികമായാൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഏകദേശം അഞ്ച് കോടി വരിക്കാരെ ഈ തീരുമാനം ബാധിക്കും. 1952- ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ് ആക്ടിന് കീഴിലുള്ള നിർബന്ധിത സേവിംഗ്‌സ് സ്‌കീമാണ് ഇപിഎഫ്. ഇപിഎഫ്ഒയുടെ കീഴിൽ കൈകാര്യം ചെയ്യുന്ന ഈ പദ്ധതി 20 ൽ അധികം ആളുകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളെയും ഉൾക്കൊള്ളുന്നു. പദ്ധതിക്കു കീഴിൽ സമാഹരിക്കുന്ന തുകയുടെ 85 ശതമാനം ഡെറ്റ് ഇൻസ്ട്രുമെന്റുകളിലും, 15 ശതമാനം ഇടിഎഫുകളിലുമാണു നിക്ഷേപിക്കുന്നത്.

ഇടിഎഫുകളിലെ നിക്ഷേപം നിഫ്റ്റി, സെൻസെക്‌സ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (സിപിഎസ്ഇ), ഭാരത്- 22 സൂചികകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ്. നടപ്പ് സാമ്പത്തിക വർഷം ജൂൺ വരെയുള്ള കാലയളവിൽ 84,477.67 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ 12,199.26 കോടി രൂപ ഇടിഎഫുകളിലാണ്. 2021-22 ൽ, മൊത്തം നിക്ഷേപമായ 2,89,930.79 കോടി രൂപയിൽ 43,568.02 കോടി രൂപ ഇടിഎഫുകളിൽ നിക്ഷേപിച്ചിരുന്നു.