വിരാട് കോഹ്ലിയെ പ്രശംസിച്ച് മുൻ പാകിസ്താൻ താരം ശുഐബ് അക്തർ

0
137

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്താനെതിരെ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് മുൻ പാകിസ്താൻ താരം ശുഐബ് അക്തർ. ഇന്നിംഗ്‌സിന്റെ രണ്ടാം പകുതിയിൽ യഥാർത്ഥ വിരാട് കോഹ്ലിയെ തനിയ്ക്ക് കാണാൻ കഴിഞ്ഞെന്ന് അക്തർ പറഞ്ഞു. ഓപ്പണറായി ഇറങ്ങി അവസാന പന്ത് വരെ പുറത്താകാതെ നിന്ന കോഹ്ലി 61 പന്തിൽ 122 റൺസ് നേടിയിരുന്നു.

‘ആദ്യം നേടിയ 50 റൺസിൽ യഥാർത്ഥ കോഹ്ലി ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാമത്തെ 50 റൺസിൽ ഞാൻ യഥാർത്ഥ വിരാട് കോഹ്ലിയെ കണ്ടു. സെഞ്ച്വറി നേടിയതോടെ കോഹ്ലി തന്റെ ഫോം തിരിച്ചുപിടിച്ചിരിക്കുന്നു. ഇനിയുള്ള 29 സെഞ്ച്വറികൾ എനിക്ക് പ്രധാനമാകുന്നത് അദ്ദേഹം എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണെന്ന് എനിക്ക് തോന്നുന്നതിനാലാണ്. അദ്ദേഹത്തിന് അവശേഷിക്കുന്ന 29 സെഞ്ച്വറികൾ നേടുകയെന്നത് ബുദ്ധിമുട്ടായിരിക്കും. 71-ാം സെഞ്ചുറിയിലെത്താൻ അദ്ദേഹത്തിന് കുറച്ച് സമയമെടുത്തു’. അക്തർ പറഞ്ഞു.

കോഹ്ലി ഓപ്പണറാകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യയ്ക്ക് ലോകോത്തര ഓപ്പണർമാരുണ്ടെന്നും അക്തർ പറഞ്ഞു. ടി20 ഫോർമാറ്റ് തനിക്ക് അൽപ്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കിൽ, ലോകകപ്പിന് ശേഷം മാത്രം അതിനെക്കുറിച്ച് ചിന്തിക്കണമെന്നും 100 സെഞ്ച്വറികൾ നേടുക എന്നതാണ് കോഹ്ലിയെ സംബന്ധിച്ച് പ്രധാനമെന്നും അക്തർ വ്യക്തമാക്കി.