നന്ദി പർവതത്തിൽനിന്നു തുടങ്ങി ചിക്കബല്ലാപൂർ, ഹോസ്കോട്ടെ, സർജാപുർ, മാലൂർ പ്രദേശങ്ങൾ പിന്നിട്ട് ബംഗളൂരു നഗരപ്രാന്തത്തിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകിയിരുന്ന നദിയായിരുന്നു ദക്ഷിണ പിനാകിനി. നഗരപ്രാന്തത്തിലെ ബെല്ലന്ദൂർ, വർത്തൂർ തടാകങ്ങളുമായി ചേർന്നാണ് നദി ഒഴുകിയിരുന്നത്.
എൺപതുകളിൽ ബംഗളൂരു നഗരത്തിൻറെ അതിവേഗത്തിലുള്ള വളർച്ചയ്ക്കൊപ്പം നദിയുടെ ഒഴുക്ക് ക്രമേണ നിലയ്ക്കുകയായിരുന്നു. നഗരമാലിന്യങ്ങൾ നിറഞ്ഞ ചതുപ്പുകളായി മാത്രം അവശേഷിച്ച നദിയുടെ ഓരങ്ങൾ മണ്ണിട്ടുനികത്തി കെട്ടിടങ്ങളും ഐടി പാർക്കുകളും പാർപ്പിട സമുച്ചയങ്ങളുമുയർന്നു. അതിനിടെ ബെല്ലന്ദൂർ, വർത്തൂർ തടാകങ്ങൾ മാത്രം ജലാശയങ്ങളായി അവശേഷിച്ചു.
നന്ദി മുതൽ മാലൂർ വരെയുള്ള ഭാഗത്തുമാത്രമാണു കഴിഞ്ഞ 30 വർഷമായി ഒരു പുഴയുടെ രൂപത്തിൽ ദക്ഷിണ പിനാകിനി ഉണ്ടായിരുന്നത്. പുഴയുടെ പുനരുജ്ജീവനത്തിനായി പരിസ്ഥിതി സംഘടനകളും മറ്റും പ്രയത്നങ്ങൾ നടത്തിയിരുന്നെങ്കിലും മാറിമാറിവരുന്ന സർക്കാരുകളൊന്നും അതിൽ താത്പര്യം കാണിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂരു നഗരത്തെ വെള്ളത്തിൽ മുക്കിയ പ്രളയം കാണിച്ചുതന്നതു പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഒഴുകിയ ദക്ഷിണ പിനാകിനിയുടെ പുനർജന്മംകൂടിയാണ്. ബെല്ലന്ദൂർ, യെമല്ലൂർ മേഖലയിൽ വെള്ളം കയറിയ പല ഐടി പാർക്കുകളും പാർപ്പിടസമുച്ചയങ്ങളും നിലനിന്നിരുന്നത് പഴയ നദിയുടെ തടങ്ങളിലായിരുന്നു. പുഴ പഴയ വഴികളെ വീണ്ടെടുത്തപ്പോൾ ഇവയെല്ലാം വെള്ളത്തിനടിയിലാകുകയായിരുന്നു.
നഗരത്തിൻറെ ഐടി ഇടനാഴിയിലേക്കുള്ള പ്രധാന പാതകളിലൊന്നായ ചെന്നസാന്ദ്ര മെയിൻ റോഡിൻറെ ഗണ്യമായൊരു ഭാഗം വെള്ളത്തിനടിയിലാക്കിയതും നദിയുടെ തിരിച്ചുവരവായിരുന്നു. ഈ റോഡിൻറെ ഓരത്ത് മുമ്ബ് പുഴയുടെ ഭാഗങ്ങളായിരുന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോൾ ഐടി മേഖലയിൽനിന്നുള്ളവർ താമസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള പാർപ്പിടസമുച്ചയങ്ങളാണ്. ഇവയെല്ലാം കഴിഞ്ഞദിവസം ഞൊടിയിടയിൽ വെള്ളത്തിലായിരുന്നു.
അതേസമയം, ബംഗളൂരുവിലെ സാഹചര്യങ്ങൾ ഈ രീതിയിലാകുകയാണെങ്കിൽ ഐടി കമ്ബനികൾ തെലുങ്കാനയിലേക്കു മാറാൻ നിർബന്ധിതരാകുമെന്ന ഇൻഫോസിസ് മുൻ ഡയറക്ടറും സാമ്ബത്തിക വിദഗ്ധനുമായ മോഹൻദാസ് പൈയുടെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.
ഐടി, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ തന്നെയാണ് വ്യാപകമായ നിലംനികത്തലിലൂടെ ബംഗളൂരു നഗരത്തിൻറെ താളംതെറ്റിച്ചതെന്ന് തേജസ്വി സൂര്യ എംപിയും ബിജെപി നേതാവ് എൻ.ആർ. രമേശും കുറ്റപ്പെടുത്തി.
എത്ര ഉന്നത സ്ഥാപനങ്ങളുടേതായാലും ഭൂമി കൈയേറ്റങ്ങളും അനധികൃത നിലംനികത്തലുകളും ഒഴിപ്പിച്ച് നഗരത്തിൽ ഇനിയൊരു വെള്ളക്കെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥമാണെന്ന് ഇരുവരും പറഞ്ഞു. തർക്കങ്ങൾ തുടരുന്നതിനിടയിലും വരുംദിവസങ്ങളിലെ മഴ മുന്നറിയിപ്പ് വീണ്ടും നഗരത്തിൻറെ ഉറക്കം കെടുത്തുകയാണ്.