ദുലീപ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇരട്ട ശതകവുമായി അജിങ്ക്യാ രഹാനെയും യശസ്വി ജയ്‌സ്വാളും

0
91

ദുലീപ് ട്രോഫിയിലെ തന്റെ അരങ്ങേറ്റത്തിൽ തന്നെ ഇരട്ട ശതകം നേടിയാണ് യശസ്വി ശ്രദ്ധ പിടിക്കുന്നത്. 321 പന്തിൽ നിന്നാണ് യശസ്വി വെസ്റ്റ് സോണിനായി 228 റൺസ് നേടിയത്. 22 ഫോറും മൂന്ന് സിക്‌സും യശസ്വിയുടെ ബാറ്റിൽ നിന്ന് വന്നു. രഹാനെ 264 പന്തിൽ നിന്ന് 207 റൺസ് കണ്ടെത്തി. 18 ഫോറും ആറ് സിക്‌സും ഉൾപ്പെട്ടതാണ് രഹാനെയുടെ ഇന്നിങ്‌സ്.

രണ്ടാം വിക്കറ്റിൽ യശസ്വിയും രഹാനെയും ചേർന്ന് 333 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. ഇതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 590 റൺസിന് വെസ്റ്റ് സോൺ ഡിക്ലയർ ചെയ്തു. വെസ്റ്റ് സോണിനായി പൃഥ്വി ഷായും സെഞ്ചുറി കണ്ടെത്തിയിരുന്നു. 121 പന്തിൽ നിന്നാണ് പൃഥ്വി 113 റൺസ് കണ്ടെത്തിയത്. 11 ഫോറും അഞ്ച് സിക്‌സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്‌സ്. ഓപ്പണിങ്ങിൽ 206 റൺസ് ആണ് പൃഥ്വിയും യശസ്വിയും ചേർന്ന് കണ്ടെത്തിയത്.

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങി എത്താൻ ദുലീപ് ട്രോഫിയിലെ മികവ് രഹാനെയെ തുണയ്ക്കും. വെസ്റ്റ് സോൺ മുൻപിൽ വെച്ച കുറ്റൻ സ്‌കോർ പിന്തുടർന്ന നോർത്ത് ഈസ്റ്റ് സോൺ നാല് വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലാണ്.