കടുത്ത പ്രതിഷേധത്തിനൊടുവിൽ ബംഗളൂരു സർവകലാശാലയിലെ ക്ഷേത്ര നിർമാണം നിർത്തിവെച്ചു

0
95

ബംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്ബസിൽ ക്ഷേത്രം നിർമിക്കാനുള്ള ബി.ബി.എം.പിയുടെ നീക്കത്തിനെതിരെ വിദ്യാർഥികൾ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ ഡോ.ജയകർ നിർമാണ സ്ഥലം സന്ദർശിച്ച്‌ ബി.ബി.എം.പി ഉദ്യോഗസ്ഥരോട് പ്രവൃത്തി നിർത്തിവെക്കാൻ നിർദേശിച്ചു. നേരത്തെ റോഡ് വികസനത്തിന്റെ ഭാഗമായി ഗണേശകോവിൽ പൊളിച്ചിരുന്നതായും ഇതുസംബന്ധിച്ച ധാരണ പ്രകാരമാണ് സർവകലാശാല ക്ഷേത്ര നിർമാണത്തിന് ഭൂമി അനുവദിച്ചതെന്നും വി.സി പറഞ്ഞു. തർക്കമുണ്ടായ സ്ഥിതിക്ക് നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടതായും ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ക്ഷേത്ര നിർമാണത്തിന് വി.സി അനുമതി നൽകിയാൽ സർവകലാശാല സ്തംഭിപ്പിക്കുമെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.

കാമ്ബസിൽ ക്ഷേത്രം നിർമിക്കാനുള്ള ബി.ബി.എം.പിയുടെ നീക്കത്തിനെതിരെ കഴിഞ്ഞ രണ്ടുദിവസമായി സർവകലാശാലയിൽ പ്രതിഷേധം രൂക്ഷമായിരുന്നു. കഴിഞ്ഞദിവസം സർവകലാശാല ഓഫിസിന് മുന്നിൽ വിദ്യാർഥികൾ ധർണ നടത്തി. പൊതുവിദ്യാഭ്യാസ കലാലയത്തിൽ മതപരമായ നിർമിതികൾ വേണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ബി.ബി.എം.പി സർവകലാശാലയുടെ ഭൂമി കൈയേറി അനധികൃത നിർമാണ പ്രവർത്തനം നടത്തുകയാണ്. രജിസ്ട്രാർ, വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരുടെ എതിർപ്പ് മറികടന്ന് ബി.ബി.എം.പി നിർമാണവുമായി മുന്നോട്ടുപോവുകയാണ്. ഇത് കാമ്ബസിലെ അക്കാദമിക അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

മുമ്ബ് കാമ്ബസിന്റെ ഏതോ ഭാഗത്താണ് ക്ഷേത്രമുണ്ടായിരുന്നത്. ഇപ്പോൾ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് സമീപത്തായാണ് ക്ഷേത്രം നിർമിക്കുന്നത്. നിർമാണ പ്രവൃത്തിക്കായി ബി.ബി.എം.പി ഉദ്യോഗസ്ഥർ വൈസ് ചാൻസലറുടെ അനുമതി നേടിയിരുന്നില്ല. 2000ത്തിലെ യു.ജി.സി ആക്‌ട് പ്രകാരം, മതപരമായ സ്ഥാപനങ്ങളും കെട്ടിടങ്ങളും പൊതുസ്ഥലത്ത് പാടില്ല. എന്നാൽ, ഈ നിയമം ലംഘിച്ചാണ് കാമ്ബസിൽ ക്ഷേത്ര നിർമാണം നടക്കുന്നത്. രണ്ട് മാസം മുമ്ബ് തങ്ങൾ പ്രതിഷേധിച്ചപ്പോൾ വൈസ് ചാൻസലർ നിർമാണ പ്രവൃത്തി തടഞ്ഞിരുന്നതാണ്. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച പൊടുന്നനെ പൊലീസിന്റെയും ബി.ബി.എം.പി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിർമാണം പുനരാരംഭിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു.