പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി സെപ്റ്റംബർ 12ന് പരിഗണിക്കും

0
117

2019 ലെ പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച (സെപ്റ്റംബർ 12ന്) പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹർജികൾ കോടതിയിൽ എത്തുന്നത്. ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച 200-ലധികം ഹർജികളാണ് പരിഗണിക്കുക.

പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാർലമെന്റ് പാസാക്കിയത് 2019 ഡിസംബർ പതിനൊന്നിനാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്‌ളാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്‌സി വിഭാഗക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി. നിയമത്തെ എതിർത്ത് 140 ഹർജികളാണ് സുപ്രീകോടതിയിൽ എത്തിയത്. കേരള നിയമസഭ നിയമത്തെ എതിർത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരും നിയമത്തെ എതിർത്ത് ഹർജി നൽകി. മുസ്ലിം ലീഗും നിരവധി എംപിമാരും ഹർജികൾ നൽകിയിരുന്നു.

2020 ജനുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജികളിൽ നോട്ടീസ് അയച്ചിരുന്നു. ഭേദഗതി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന ഏതെങ്കിലും അവകാശത്തെ CAA തടസ്സപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര സർക്കാർ അവരുടെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇന്ത്യൻ പൗരന്മാരുടെ നിയമപരമോ ജനാധിപത്യപരമോ മതേതരമോ ആയ അവകാശങ്ങളെ സിഎഎ ഹനിക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്ന് ഹർജികളിൽ പറയുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹർജികൾ വന്നത്. പിന്നീട് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എൻവി രമണയും ഹർജികളിൽ വാദം കേട്ടില്ല. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഉയർന്നത്. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ കാലാവധി നവംബറിൽ തീരുകയാണ്.