തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് ഒരു പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം കാണാതായ മൂന്ന് മത്സ്യതൊഴിലാളികളിൽ ഒരാളായ വെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളിയാണ് സമദ്. അപകടത്തിൽ നേരത്തെ രണ്ട് പേർ മരിച്ചിരുന്നു. മുസ്തഫ, ഉസ്മാൻ എന്നിവർക്കായുള്ള തെരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതലപ്പൊഴിയിൽ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ സഫ മർവ എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. കരയിലേക്ക് മടങ്ങി വരുന്നതിനിടെ തിരയിൽപെട്ട് മറിയുകയായിരുന്നു.
അതേസമയം, കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ സങ്കീർണാവസ്ഥ കാരണം മന്ദഗതിയിലായി. വിഴിഞ്ഞം തുറമുഖത്തുനിന്നും ഭീമൻ ക്രെയിൻ കൊണ്ടുവന്നെങ്കിലും പുലിമുട്ടിന്റെ അവസാനഭാഗത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി എക്സ്‌കവേറ്ററും ചെറിയ ക്രെയിനും ഉപയോഗിച്ച രാവിലെ ശ്രമം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. രാത്രി ഏഴരയോടെയാണ് ഏകദേശം അടുപ്പിക്കാൻ കഴിഞ്ഞത്.