ഫോറെക്‌സ് ഇടപാടുകൾക്കായി അംഗീകാരമില്ലാത്ത ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും ലിസ്റ്റ് പുറത്തിറക്കി ആർ ബി ഐ

0
69

ഇന്ത്യയിൽ ഫോറെക്‌സ് ഇടപാടുകൾക്കായി ആർ ബി ഐയുടെ അംഗീകാരമില്ലാത്ത ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പൂർണ്ണ ലിസ്റ്റ് പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫോറെക്‌സിൽ ഇടപാട് നടത്താനും ഫോറെക്‌സിനായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കാനും അധികാരമില്ലാത്ത ആപ്പുകളുടെയും എന്റിറ്റികളുടെയും പേരുകൾ ഉൾപ്പെടുന്ന ഒരു “അലേർട്ട് ലിസ്റ്റ്” ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയത്.

പല അനധികൃത പ്ലാറ്റ്‌ഫോമുകളും നിക്ഷേപത്തിന് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്തുകൊണ്ട് ആളുകളെ ആകർഷിക്കുന്നു. എന്നാൽ അത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് അപകടകരം മാത്രമല്ല, ഉപയോക്താക്കളെ നിയമപരമായ പ്രശ്‌നങ്ങളിൽ എത്തിച്ചേക്കാമെന്നും ആർ ബി ഐ നിർദേശിക്കുന്നു. ആർബിഐ പറയുന്നതനുസരിച്ച് ഈ അനധികൃത പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ‌നിയമ നടപടികളിൽ പെടേണ്ടി വന്നേക്കാമെന്നാണ്. ആർ ബി ഐ പുറത്തിറക്കിയ അംഗീകാരമില്ലാത്ത ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പൂർണ്ണ ലിസ്റ്റാണ് താഴെക്കൊടുക്കുന്നത്. 34 ആപ്പുകളുടെ പേരുകളാണ് ആർ ബി ഐ നിലവിൽ പുറത്തു വിട്ടിട്ടുള്ളത്.

“അനധികൃത ഇ ടി പികളിൽ ഫോറെക്‌സ് ഇടപാടുകൾ നടത്തരുതെന്നോ അല്ലെങ്കിൽ അത്തരം അനധികൃത ഇടപാടുകൾക്കായി പണം അയയ്‌ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകുകയാണ്. ഫെമയ്ക്ക് കീഴിലോ ആർ ബി ഐ അധികാരപ്പെടുത്തിയിട്ടില്ലാത്ത ഇ ടി പികളിലോ അല്ലാത്ത ആവശ്യങ്ങൾക്ക് ഫോറെക്സ് ഇടപാടുകൾ നടത്തുന്ന റസിഡന്റ് വ്യക്തികൾ ഫെമയ്ക്ക് കീഴിലുള്ള നിയമനടപടികൾക്ക് ബാധ്യസ്ഥരായിരിക്കും.”ആർ ബി ഐ 2022 സെപ്റ്റംബർ 7 ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു.

മേൽപ്പറഞ്ഞ ലിസ്റ്റ് സമഗ്രമല്ലെന്നും പ്രസിദ്ധീകരിക്കുന്ന സമയത്ത് ആർ ബി ഐക്ക് അറിയാവുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു. ഈ ലിസ്റ്റിൽ വരാത്ത ഒരു സ്ഥാപനവും ആർ ബി ഐയുടെ അംഗീകാരം നേടിയതായി കരുതേണ്ടതില്ലെന്നും അതിൽ പറയുന്നു. ഫോറെക്സ് ഇടപാടുകൾക്കായുള്ള അംഗീകൃത വ്യക്തികളുടെയും ഇ ടി പികളുടെയും പൂർണ്ണമായ ലിസ്റ്റ് ആർ ബി ഐ വെബ്സൈറ്റിൽ ലഭ്യമാണ്.

ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്, 1999) പ്രകാരം, അംഗീകൃത വ്യക്തികളുമായി മാത്രമേ ഫോറെക്‌സ് ഇടപാടുകൾ നടത്താവൂ എന്ന് ആർ ബി ഐ തറപ്പിച്ചു പറയുകയാണ്.

“അനുവദനീയമായ ഫോറെക്‌സ് ഇടപാടുകൾ ഇലക്‌ട്രോണിക് രീതിയിൽ നടപ്പിലാക്കാൻ കഴിയുമെങ്കിലും, അവ ആർ ബി ഐ അല്ലെങ്കിൽ അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ, അതായത് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബി എസ് ഇ ലിമിറ്റഡ്, മെട്രോപൊളിറ്റൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയിൽ അധികാരപ്പെടുത്തിയ ഇ ടി പികളിൽ മാത്രമേ നടത്താവൂ – സെൻട്രൽ ബാങ്ക് പറഞ്ഞു.