അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങി ചൈന

0
164

അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങി ചൈന. ഗോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചു. നരേന്ദ്ര മോദിയും ഷി ജിൻപിങും പങ്കെടുക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് തീരുമാനം. ഇന്ന് ചേർന്ന കോർ കമാൻഡർ തല ചർച്ചയിലാണ് സൈനിക പിൻമാറ്റത്തിൽ ധാരണയായത്. ഗോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയിലെ പട്രോൾ പോയിൻറ് പതിനഞ്ചിൽ നിന്ന് പിൻമാറി തുടങ്ങി എന്നാണ് രണ്ടു രാജ്യങ്ങളും അറിയിച്ചത്.

പിൻമാറ്റം മെല്ലെ വ്യക്തമായ ആസൂത്രണത്തിൻറെ അടിസ്ഥാനത്തിലാവുമെന്നും പ്രസ്താവന പറയുന്നു. കോർ കമാൻഡർമാരുടെ പതിനാറാമത് യോഗമാണ് ഇന്ന് നടന്നത്. ഇന്ത്യ പല തവണ നിർദ്ദേശം മുന്നോട്ട് വെച്ചെങ്കിലും ഗോഗ്രയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറായിരുന്നില്ല. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിൻമാറിയ ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ ഒത്തുതീർപ്പ് നീക്കങ്ങൾ നിലച്ചിരുന്നു. അടുത്തയാഴ്ച ഷാങ്ഹായി സഹകരണ ഉച്ചകോടി ഉസ്ബെക്കിസ്ഥാനിൽ നടക്കാനിരിക്കെയാണ്.

ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കണ്ടേക്കും എന്ന സൂചനകൾക്കിടെയാണ് അതിർത്തിയിലെ പിൻമാറ്റത്തെക്കുറിച്ചുള്ള ഈ അറിയിപ്പ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതിൻറെ സൂചന വരുന്നത്.