കടലിൽ സുരക്ഷ തീർക്കാൻ ഇനി യുദ്ധകപ്പൽ ‘താരാഗിരി’

0
79

സമുദ്രമേഖലയിൽ ലോകോത്തര ശക്തിയാണെന്ന് വീണ്ടും തെളിയിച്ച്‌ ഇന്ത്യ. പി-17 എ വിഭാഗത്തിൽപ്പെട്ട യുദ്ധകപ്പൽ താരാഗിരിയാണ് ഇനി കടലിൽ സുരക്ഷ തീർക്കാൻ പോകുന്നത്. വരുന്ന ഞായറാഴ്ചയാണ് കപ്പൽ നാവികസേനയുടെ ഭാഗമാകുന്നത്. മസഗോൺ ഡോകിൽ നിന്നാണ് കപ്പൽ കൈമാറുക.

ഇന്ത്യൻ നാവികസേനയ്‌ക്കായി ഒന്നിനുപുറകേ ഒന്നായി മികച്ച യുദ്ധകപ്പലുകളാണ് പുറത്തിറങ്ങുന്നത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന താരാഗിരിയുടെ 75 ശതമാനവും ഇന്ത്യയിൽ തന്നെ നടന്ന നിർമ്മാണ പ്രവർത്തനമാണ്. ഐഎൻഎസ് വിക്രാന്ത് എന്ന കൂറ്റൻ വിമാന വാഹിനി പുറത്തിറക്കിയ ഇന്ത്യ സമുദ്രത്തിൽ തങ്ങളുടെ സാന്നിദ്ധ്യം പതിന്മടങ്ങായി വർദ്ധിപ്പിക്കുകയാണ്. ഏറ്റവും മികച്ച യുദ്ധകപ്പലുകളാണ് സമുദ്രസുരക്ഷാ ദൗത്യമേറ്റെടുക്കാൻ പോകുന്നത്.

ആത്മനിർഭർ ഭാരതുമായി ബന്ധപ്പെട്ട തൊഴിൽ വിപ്ലവത്തിന്റെ ഉത്തമ ഉദാഹരണമാണ് താരാഗിരി. 100 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ( എംഎസ്‌എംഇ) മികച്ച കൂട്ടായ്മയാണ് പ്രതിരോധ വകുപ്പിനായി താരാഗിരിയ്‌ക്കായി വിവിധ ഉപകരണങ്ങൾ നിർമ്മിച്ചത്. റെക്കോഡ് വേഗത്തിലാണ് നിലവിൽ ഇന്ത്യയിലെ പ്രതിരോധ രംഗത്തെ നിർമ്മാണങ്ങൾ നടക്കുന്നതെന്നതിന് മികച്ച ഉദാഹരണമാണ് താരാഗിരി.

2020 സെപ്തംബർ 10നാണ് താരാഗിരിയുടെ കീൽ ഇടൽ കർമ്മം നടന്നത്. 2025 ആഗസ്റ്റിലേയ്‌ക്ക് നിർമ്മാണം പൂർത്തിയാകും എന്ന് ലക്ഷ്യംവെച്ച യുദ്ധകപ്പലാണ് മൂന്ന് വർഷം മുന്നേ റെക്കോഡ് വേഗത്തിൽ പൂർത്തിയായത്. 150 മീറ്റർ നീളവും 18 മീറ്റർ വീതിയുമാണ് താരാഗിരിയ്‌ക്കുള്ളത്. രണ്ടു ഗ്യാസ് ടർബൈനുകളും രണ്ട് ഡീസൽ എഞ്ചിനുകളുമാണ് കപ്പിലിന് ഊർജ്ജം പകരു ന്നത്. 6670 ടൺ ആകെ ഭാരം വരുന്ന കപ്പൽ 28 നോട്ട്‌സ് വേഗതയിൽ പായാൻ കഴിയുന്ന കപ്പലാണ്.

ആയുധസജ്ജീകരണത്തിലും പി-17 പരമ്ബരയിലെ കപ്പലുകൾ മാരക പ്രഹരശേഷിയുള്ള താണ്. സൂപ്പർ സോണിക് മിസൈലുകളാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്. ശത്രുവിന്റെ ഏതു കപ്പലുകളേയും തകർക്കാൻ സാധിക്കുന്ന കൃത്യതയും വേഗതയുമാണ് താരാഗിരിയിലെ മിസൈലുകൾക്കുള്ളതെന്നും പ്രതിരോധ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.

നേരെ കുത്തനെ മിസൈലുകൾ അയയ്‌ക്കാമെന്നതിനാൽ യുദ്ധവിമാങ്ങളും പി-17 പരമ്ബരയിലെ ഒരു കപ്പലിന്റേയും നിരീക്ഷണ പരിധിവിട്ട് പോകില്ല. ഇതിനൊക്കെപുറമേ കപ്പലിൽ 30എംഎം റാപ്പിഡ് ഫയർ തോക്കുകളും സജ്ജമാണ്. ഇതിനൊപ്പം ടോർപിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിനെ അതിശക്തമാക്കുന്നുവെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.