വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചെത്തുന്നത് മതം അനുഷ്ഠിക്കലാണെന്ന് സുപ്രീം കോടതി. ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ”വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്ക് ഇഷ്ടമുള്ളതെന്തും ധരിക്കാനാകുമോ, മതപരമായ ആചാരങ്ങൾ മാറ്റിവയ്‌ക്കേണ്ടതല്ലേ?” എന്ന് സുപ്രീം കോടതി തിങ്കളാഴ്ച ചോദിച്ചു.
സ്‌കൂളുകളിലേക്ക് വിദ്യാർത്ഥിനികൾക്ക് എന്തും ധരിച്ച് പോകാമെന്നാണോ കരുതുന്നതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട ഡ്രസ് കോഡ് ഉണ്ട്. ചില റസ്റ്റോറന്റുകളിൽ നമ്മൾ ഫോർമൽ വസ്ത്രം ധരിച്ച് പോകും. ചിലതിൽ നമ്മൾ സാധാരണ വസ്ത്രങ്ങൾ ധരിച്ച് പോകും. സ്‌കൂളുകളിൽ യൂണിഫോമിന് പ്രാധാന്യം ഇല്ലെങ്കിൽ വിദ്യാർത്ഥിനികൾക്ക് മറ്റ് വസ്ത്രങ്ങൾ ധരിക്കാം. എന്നാൽ ഹിജാബ് ധരിക്കുന്നത് മതാനുഷ്ഠാനമാണെന്ന് കോടതി വ്യക്തമാക്കി.
ഹിജാബ് വിധിയ്‌ക്കെതിരായ 23 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ഹർജി പരിഗണിക്കവെ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച്, കേസിലെ പ്രധാന ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ ഒരു വ്യക്തി യൂണിഫോം ധിരക്കാതെത്തിയാൽ കോളേജിൽ നിന്ന് പുറത്താക്കാനാകുമോ എന്നും ഇത് ശരിയാണോ എന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ ഹെഗ്ഡെ ചോദിച്ചു.
നേരത്തെ, ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതിനെ കോടതി വിമർശിച്ചു. അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് പരാതി ഉയർത്തിയ ഹർജിക്കാർ തന്നെ, കേസ് പരിഗണനയ്ക്ക് വരുമ്പോൾ മാറ്റി വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും താൽപ്പര്യമുള്ള ബെഞ്ചിന് മുമ്പാകെ ഹർജി വരുത്തിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
കർണാടക സ്‌കൂളുകളിൽ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള എല്ലാ ഹർജികളും തള്ളിയ ഹൈക്കോടതി, യൂണിഫോം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ന്യായമാണെന്നും വിദ്യാർത്ഥികൾക്ക് ഇതിനെ എതിർക്കാനാവില്ലെന്നും വിധിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് കർണാടക സർക്കാർ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ഹർജിക്കാരുടെ അവകാശ ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.