Monday
12 January 2026
31.8 C
Kerala
HomeKeralaഎംബി രാജേഷ് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

എംബി രാജേഷ് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സ്പീക്കർ പദവി രാജി വെച്ച എംബി രാജേഷ് ഇന്ന് പിണറായി വിജയൻ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

സ്പീക്കർ പദവി രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷമേ എംബി രാജേഷിൻറെ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ. എംവി ഗോവിന്ദൻ കൈകാര്യം ചെയ്ത അതേ വകുപ്പുകൾ തന്നെ എംബി രാജേഷിന് നൽകിയേക്കുമെന്നാണ് വിവരം. രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. മന്ത്രിയായി രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യുകയാണെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും എംബി രജേഷ് അഭ്യർഥിച്ചു.

വി ടി ബൽറാം തുടർച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തിൽ അദ്ദേഹത്തെ തോൽപ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവർത്തിച്ചു.

സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിൻ്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബർ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥൻ്റെ ഉത്തരവാദിത്വം നിർവഹിക്കുക.

RELATED ARTICLES

Most Popular

Recent Comments