കനത്ത മഴ: നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
233

ഓണത്തിൻറെ ഒരുക്കങ്ങൾക്കിടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന ആശങ്ക ശക്തം. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിൽ ഇന്നുകൊണ്ട് സംസ്ഥാനത്ത് അതി തീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കുന്നത്.

ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം ഇന്ന് നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിർത്തി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമായിരിക്കും.

അതേസമയം ഉത്രാടദിനത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിനമായ എട്ടാം തിയതി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ,പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.