Wednesday
17 December 2025
26.8 C
Kerala
HomeKeralaകേരളത്തിൽ സുഭിക്ഷ ഹോട്ടലുകൾ വ്യാപിപ്പിക്കും- മന്ത്രി ജി.ആർ അനിൽ

കേരളത്തിൽ സുഭിക്ഷ ഹോട്ടലുകൾ വ്യാപിപ്പിക്കും- മന്ത്രി ജി.ആർ അനിൽ

കേരളത്തിൽ സുഭിക്ഷ ഹോട്ടലുകൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മൂന്നാമത്തെ സുഭിക്ഷ ഹോട്ടലാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ കല്ലോട് പ്രവർത്തനമാരംഭിച്ചത്.

പട്ടിണി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കിൽ നൽകുകയെന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിതകേരളം സുഭിക്ഷ ഹോട്ടൽ. പേരാമ്പ്രയിലെ വനിതാ സ്വയം സഹായ സംഘമായ സുഭിക്ഷ കോക്കനട്ട്‌സ് പ്രൊഡ്യൂസേർസ് കമ്പനി ലിമിറ്റഡിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. ഒരേസമയം നൂറ് പേർക്ക് ഇരുന്ന് കഴിക്കുള്ള സൗകര്യത്തോടെയാണ് ഹോട്ടൽ സജ്ജീകരിച്ചത്.

20 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ഉച്ചയൂൺ ലഭ്യമാകും. മറ്റ് പ്രത്യേക വിഭവങ്ങളും വിലക്കുറവിൽ ലഭിക്കും. കിടപ്പ് രോഗികൾക്കുൾപ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഓരോ ഊണിനും നടത്തിപ്പുകാർക്ക് അഞ്ച് രൂപ സബ്സിഡിയായി സർക്കാർ നൽകും.

ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായി. സുഭിക്ഷ കോക്കനട്ട്‌സ് പ്രൊഡ്യൂസേർസ് കമ്പനി ലിമിറ്റഡ് ചെയർമാൻ എം കുഞ്ഞമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. പി വസന്തം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് കുമാരി ലത സ്വാഗതവും സുഭിക്ഷ കോക്കനട്ട്‌സ് പ്രൊഡ്യൂസേർസ് കമ്പനി ലിമിറ്റഡ് ഡയറക്ടർ കെ ഷൈനി നന്ദിയും പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments