രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്; ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി

0
63

ടീം ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയായി സൂപ്പർ ഓൾറൗണ്ടർ പുറത്ത്. ടീം ഇന്ത്യയുടെ വിശ്വസ്തനായ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നതിനാലാണ് ലോകകപ്പ് നഷ്ടമാകുന്നത്. പി ടി ഐ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. 2022 ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി 20 ഐ ലോകകപ്പ് ജഡേജക്ക് നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. ലോകകപ്പ് നേടാമെന്ന രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ജ‍ഡജയുടെ അഭാവം വലിയ തിരിച്ചടിയാകും.

നേരത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടങ്ങളിൽ രവീന്ദ്ര ജഡേജ ഉണ്ടാകില്ലെന്ന് ബി സി സി ഐ അറിയിച്ചിരുന്നു. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ടൂർണമെൻറിൽ നിന്ന് താരം പിൻമാറിയത്. ജഡേജയുടെ പകരക്കാരനായി അക്സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ബി സി സി ഐ മെഡിക്കൽ സംഘത്തിൻറെ നിരീക്ഷണത്തിലാണ് ജഡേജ. ഏഷ്യാ കപ്പിന് പിന്നാലെ ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകളിലും ജഡേജക്ക് കളിക്കാനാവില്ലെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ടി 20 ലോകകപ്പും താരത്തിന് നഷ്ടമാകുമെന്ന റിപ്പോ‍ർട്ടുകൾ പുറത്തുവരുന്നത്.

ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഈ മാസം 15ന് മുമ്പ് പ്രഖ്യാപിക്കേണ്ടതിനാലാണ് ജഡേജയുടെ പരിക്ക് ഇന്ത്യക്ക് ഇരട്ട പ്രഹരമാകുന്നത്. നേരത്തെ ഹർഷൽ പട്ടേലും ജസ്പ്രീത് ബുമ്രയും പരിക്കുമൂലം ഏഷ്യാ കപ്പിനുള്ള ടീമിലുൾപ്പെട്ടിരുന്നില്ല. ലോകകപ്പ് ടീമിൽ ഇരുവരുമുണ്ടാകുമോ എന്ന അനിശ്ചിതത്വത്തിനിടയിലാണ് ജഡേജയുടെ നഷ്ടവും.