ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ നാട്ടിൽ തിരികെ എത്തി. ജനകീയ പ്രതിഷേധത്തെ തുടർന്ന് നാട് വിട്ട അദ്ദേഹം കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് കൊളംബോ വിമാനത്താവളത്തിൽ എത്തിയത്. മുൻ പ്രസിഡന്റിനെ സ്വീകരിക്കാൻ പാർട്ടി മന്ത്രിമാരും എംഎൽഎമാരും എത്തിയിരുന്നു.
പ്രമുഖർ അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ചു. ഇത്രയും നാൾ രജപക്‌സെ ഒരു തായ് ഹോട്ടലിൽ കഴിയുകയായിരുന്നുവെന്നും തിരികെ എത്താൻ അതിയായി ആഗ്രഹിച്ചിരുന്നു എന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്കായി ഒരു സെക്യൂരിറ്റി യൂണിറ്റിനെ നിയോഗിച്ചിട്ടുണ്ട്. പോലീസ്-സൈനിക കമാന്റോകൾ ഉൾപ്പെടുന്നതാണ് ഈ സുരക്ഷാ യൂണിറ്റ്. നിലവിൽ കൊളംബോയിൽ അനുവദിച്ച വസതിയിലാണ് താമസം.
സാമ്ബത്തിക പ്രതിസന്ധിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധം സംഘർഷത്തിൽ എത്തിയതോടെയാണ് രജപക്‌സെ രാജ്യം വിട്ടത്. മാലിദ്വീപ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ സന്ദർശക വിസയിൽ കഴിയുകയായിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും സ്ഥിതിഗതികൾ ശാന്തമാകുകയും ചെയ്തതോടെയാണ് രജപക്‌സെ നാട്ടിലേക്ക് തിരിച്ചത്. നിലവിൽ രജപക്‌സെക്കെതിരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.