ഇടുക്കി മാങ്കുളത്ത് ആക്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു. ചിക്കണാംകുടി കോളനിയിലെ ഗോപാലനെയാണു പുലി ആക്രമിച്ചത്. കയ്യിലും കാലിലും കടിച്ച പുലിയെ ഗോപാലൻ വാക്കത്തികൊണ്ടു വെട്ടുകയായിരുന്നു. രാവിലെ ഗോപാലൻ സഹോദരന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ഗോപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ വെട്ടേറ്റ പുലി തൽക്ഷണം ചത്തു. വഴിയിൽ കിടക്കുകയായിരുന്ന പുലി തന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നെന്ന് ഗോപാലൻ പറഞ്ഞു. ഇതോടെ പ്രാണരക്ഷാർഥം കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു.
”വഴിയിൽ കിടക്കുകയായിരുന്ന പുലി എന്റെ മേലേക്ക് ചാടി. എന്നെ കടിച്ചു. അപ്പോളാണ് വാക്കത്തി കൊണ്ട് വീശിയത്. ജീവൻ രക്ഷിക്കാനാണ് ഇത് ചെയ്തത്. വെട്ടുകൊണ്ട പുലി താഴെവീണു. ഞാൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി. കൈയിലടക്കം പൊട്ടലുണ്ട്. നെഞ്ചിന് ഭയങ്കര വേദനയാണ്. നേരത്തെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്”, ഗോപാലൻ പ്രതികരിച്ചു.
കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു.