കെ. സുരേന്ദ്രന്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമനം

0
160

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനം വിവാദത്തില്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിനാണ് ഈ തസ്തികയില്‍ നിയമനം ലഭിച്ചത്. ഹരികൃഷ്ണന്റേത് ബന്ധു നിയമനമാണ് എന്നതിലേക്കാണ് ലഭ്യമായ വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

നിയമനം സംബന്ധിച്ച വിവരങ്ങള്‍ തേടുമ്പോള്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ലെന്ന് പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നിയമനം നടന്നിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞതെങ്കിലും ഹരികൃഷ്ണന്‍ കെ.എസിന് ജൂണ്‍ മാസത്തില്‍ ആര്‍ജിസിബിയില്‍ നിയമനം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി.ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എം.ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായാണ് തസ്തിക സംവരണം ചെയ്തത്. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്.

മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ ധൃതിപ്പെട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ 48 ഉദ്യോഗാര്‍ത്ഥികളെയാണ് പരീക്ഷയ്ക്ക് ക്ഷണിച്ചത്. ഏപ്രില്‍ മാസത്തില്‍ രാവിലെ ഒന്നാം ഘട്ട പരീക്ഷയും ഉച്ചയ്ക്ക് ശേഷം രണ്ടാം ഘട്ട പരീക്ഷയും നടന്നു. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു.

ലാബ് പരീക്ഷയില്‍ പങ്കെടുത്ത് നാല് പേരില്‍ നിയമനം ലഭിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിനാണ്. റാങ്ക് പട്ടികയെ കുറിച്ചോ മറ്റ് കാര്യങ്ങളോ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അന്വേഷിച്ചിട്ട് വിവരങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്നാണ് ഉദ്യേഗാര്‍ത്ഥികള്‍ പറയുന്നത്.

അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് ഹരികൃഷ്ണന്‍ കെ.എസിനെ അയച്ചതായാണ് വിവരം. നിയമനം നടന്നിട്ടുണ്ടെന്ന് ആര്‍.ജി.സി.ബി ചീഫ് കണ്‍ട്രോളര്‍ എസ്. മോഹനന്‍നായര്‍ പറയുന്നു. നിയമനം ലഭിക്കേണ്ട വ്യക്തിയുടെ യോഗ്യതയ്ക്കും ജാതിക്കും അനുസരിച്ച് പുതിയ തസ്തിക സൃഷ്ടിച്ചതും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും ഹരികൃഷ്ണന്‍ കെ.എസിന്റെ നിയമനത്തില്‍ സംശയം ഉണ്ടാക്കുന്നു.