നിരത്ത് വിഭാഗത്തിൽ പൂർത്തീകരിച്ചത് 2175 കോടി രൂപയുടെ 330 പദ്ധതികൾ : മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

0
83

സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിൽ 2175 കോടി രൂപയുടെ 330 പദ്ധതികൾ പൂർത്തീകരിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ഇതുകൂടാതെ 2752 കോടി രൂപയുടെ 767 പദ്ധതികൾ പുരോഗമിക്കുകയാണ്. പശ്ചാത്തല സൗകര്യങ്ങൾ വർധിക്കുമ്പോൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ഉണ്ടാവുന്നതെന്നും അതുറപ്പുവരുത്താൻ ഇനിയും ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പ്ലാംപഴിഞ്ഞി പാലത്തിന്റെയും ഉദിയൻകുളങ്ങര -മലയിൽകട -വടകര- മാരായമുട്ടം- അരുവിപ്പുറം- അയിരൂർ റിങ് റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വരുന്ന നാല് വർഷത്തിനുള്ളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 50% റോഡുകളെങ്കിലും ബിഎം ആൻഡ് ബിസി നിലവാരത്തിൽ പണി കഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒറ്റശേഖരമംഗലം,ആര്യൻകോട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാംപഴിഞ്ഞി കടകംമണ്ണടി പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിന് 2019-20 വർഷത്തെ പൊതുമരാമത്ത് വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6.2 കോടി രൂപയാണ് ചെലവഴിച്ചത്. ഇതോടൊപ്പം ഇവിടുത്തെ യാത്രാക്ലേശം കുറയ്ക്കുന്നതിനായി കാട്ടാക്കട – വെള്ളറട – പ്ലാംപഴിഞ്ഞി – കടകംമണ്ണടി റൂട്ടിലേക്കുള്ള കെ. എസ്. ആർ.റ്റി. സി ബസ് സർവീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കൊല്ലയിൽ, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണ് ഉദിയൻകുളങ്ങര- മലയിൽകട-വടകര-മാരായമുട്ടം-അരുവിപ്പുറം -അയിരൂർ റിംഗ് റോഡ്. 2018-19 വർഷത്തെ സെൻട്രൽ റോഡ് ഫണ്ട് പ്രോജക്റ്റിൽ ഉൾപ്പെടുത്തി 10.5 കോടി ചെലവഴിച്ചാണ് റോഡ് ബിഎം.ബിസി നിലവാരത്തിൽ നവീകരിച്ചത്.

സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷനായ ചടങ്ങുകളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ മുഖ്യാതിഥിയായി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി ലാൽ കൃഷ്ണൻ, ആര്യൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി.ഒ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ എസ് നവനീത് കുമാർ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.