ലഹരി വ്യാപനം; ആഗസ്റ്റ് വരെ രജിസ്റ്റര്‍ ചെയ്തത് 16,128 കേസുകള്‍; വിപത്ത് തടയാന്‍ ഏകോപിത സമീപനമെന്ന് മുഖ്യമന്ത്രി

0
116

ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ കുറേക്കാലമായി ഭീഷണിയായി വളര്‍ന്നിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ലഹരി ഉപയോഗത്തില്‍ വര്‍ദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്.അത് സംസ്ഥാനത്തോ നമ്മുടെ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ഈ ലഹരിയുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. സമീപനാളുകളില്‍ ലഹരിക്കടത്തും വില്‍പ്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എക്‌സൈസ്, പോലീസ് വകുപ്പുകള്‍ ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തുന്നുണ്ട്. ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ല്‍ ആഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 ല്‍ 5,674 പേരെയും 2021 ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു.

നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ സിന്തറ്റിക് – രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ലഹരിമരുന്നുകള്‍ എത്തിച്ചേരുന്നു. അങ്ങനെയുള്ള കേസുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ വിപത്ത് തടയാന്‍ ആവശ്യം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചു വരുന്നത് – മുഖ്യമന്ത്രി പറഞ്ഞു.