ജിയോ 5ജി ദീപാവലിക്ക് വിപണിയിലെത്തും

0
70

ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ നൽകുമെന്ന് അംബാനി വ്യക്തമാക്കി. കൂടതെ 5ജിക്ക് വേണ്ടി ജിയോ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ദീപാവലിയോടെ അവതരിപ്പിക്കും. ഡിസംബർ 23നകം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ജിയോ 5ജി സേവനങ്ങൾ എത്തിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

വീഡിയോ കോൺഫറൻസിങ് വഴിയാണ് തുടർച്ചയായ മൂന്നാം വർഷവും വാർഷിക പൊതുയോഗം നടക്കുന്നത്. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്.

അടുത്തിടെ നടന്ന സ്‌പെക്‌ട്രം ലേലത്തിൽ ഏറ്റവും കൂടുതൽ ലേലം വിളിച്ചത് റിലയൻസ് ജിയോ ഇൻഫോകോം ആയിരുന്നു 24,740 മെഗാഹെർട്‌സ് ആണ് റിലയൻസ് ജിയോ ഇൻഫോകോം സ്വന്തമാക്കിയത്. കഴിഞ്ഞ വാർഷിക യോഗത്തിൽ അംബാനി അതിന്റെ ആദ്യ സ്മാർട്ട്‌ഫോണായ ജിയോഫോൺ നെക്‌സ്റ്റ് പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഷെയർഹോൾഡർ മീറ്റിംഗിൽ റിലയൻസിന്റെ തലമുറ കൈമാറ്റം വേഗത്തിലാക്കുമെന്ന് അംബാനി സൂചന നൽകുകയും ഡിസംബറിൽ അത് വ്യക്തമായി ആവർത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർ ഇതിനകം ബിസിനസിന്റെ തലപ്പത്തേക്ക് എത്തിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ നെറ്റ് പ്രൊഫിറ്റിൽ 46 ശതമാനം വർധനവുണ്ടായെന്നാണ് കഴിഞ്ഞ മാസം മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ടെലികോം രംഗത്തും റീടെയ്ൽ രംഗത്തുമുണ്ടാക്കിയ കുതിപ്പും ഇന്ധന സംസ്കരണ വിപണിയിൽ നിന്നുള്ള വരുമാന വർധനവുമാണ് കമ്പനിയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ഏപ്രിൽ ജൂൺ പാദത്തിൽ ഇത്തവണ 17955 കോടി രൂപയാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ ലാഭം. കഴിഞ്ഞ വർഷം ഇത് 12273 കോടി രൂപയായിരുന്നു.