മലയാളികളുടെ ജീവിതനിലവാരം മധ്യവർഗ രാഷ്ട്രങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിലെത്തിക്കൽ പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

0
66

25 വർഷം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മധ്യവർഗ രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുക എന്നത് നവകേരള പരിപാടിയുടെ പ്രധാന ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് കൺസ്യൂമർഫെഡ് സംസ്ഥാനത്തുടനീളം ഒരുക്കുന്ന 1600 ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.

വലിയ തോതിലാണ് രാജ്യത്ത് വിലക്കയറ്റമുള്ളത്. റിസർവ് ബാങ്ക് തന്നെ പറയുന്നു കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ കടുത്ത വിലക്കയറ്റമാണ് രാജ്യം നേരിടുന്നതെന്ന്. നിർഭാഗ്യവശാൽ ഇത് നേരിടുന്നതിൽ രാജ്യം പുറകോട്ട് പോവുകയാണ്. ഉള്ളത് തന്നെ വേണ്ടെന്ന് വെക്കും വിധം പലതും വെട്ടികുറയ്ക്കുന്നു. ഇവിടെയാണ് കേരളം ബദൽ ആകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ സാധാരണക്കാരന് അവശ്യം വേണ്ട 13 നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ യാതൊരു വർധനയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇത് രാജ്യത്ത് തന്നെ വിചിത്രമായ അനുഭവമാണ്. കാരണം, രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ ഈ സാധനങ്ങൾക്ക് വലിയ വിലക്കയറ്റമുണ്ടായി. വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിന്റെ ഫലമായാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചത്. നാടിനോടും നാട്ടുകാരോടും സർക്കാരിന് പ്രതിബദ്ധതയുള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. അങ്ങനെ ജനങ്ങൾക്ക് ആശ്വാസമേകി വിലക്കയറ്റത്തിന്റെ ആഘാതം ഏറ്റവും കുറഞ്ഞ തോതിൽ അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട് പുതിയ കേരളമായി മാറുകയാണ്. ജനങ്ങളുടെയും നാടിന്റെയും ജീവിതനിലവാരമുയർത്തുകയാണ് ലക്ഷ്യം. പരമ ദരിദ്ര ഗണത്തിൽ വരുന്നവരുടെ അവസ്ഥക്ക് നാല് വർഷം കൊണ്ട് മാറ്റം വരുത്താനാണ് പദ്ധതി. അത്തരം ആളുകളുടേയും കുടുംബങ്ങളുടേയും എണ്ണമെടുത്ത് കഴിഞ്ഞു. ഇത്തരത്തിൽ വിവിധ രംഗങ്ങളിൽ സ്വീകരിക്കുന്ന നടപടികളിലൂടെയാണ് നവകേരളം കെട്ടിപ്പടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സബ്‌സിഡി കിറ്റിന്റേയും കോടൂർ സഹകരണ സൊസൈറ്റി പുറത്തിറക്കിയ ത്രിവേണി ബ്രാന്റിൽ കൺസ്യൂമർ ഫെഡ് വിൽപ്പനക്കെത്തിച്ച വെളിച്ചെണ്ണയുടേയും വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

കാര്യക്ഷമതയോടെ സർക്കാർ വിപണിയിൽ ഇടപെടുന്നതിന്റെ ഫലമായി വിലക്കയറ്റം തടയുന്നതിനൊപ്പം സ്വകാര്യ ഏജൻസികളും വില കുറയ്ക്കാൻ നിർബന്ധിതരായതായി ചടങ്ങിൽ സംസാരിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. മിൽമ സ്‌പെഷ്യൽ ഓണകിറ്റിന്റെ വിതരണം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു.

1,000 രൂപ വില വരുന്ന 13 നിത്യോപയോഗ സാധനങ്ങൾ 462 രൂപയ്ക്കാണ് ഓണ ചന്തകളിൽ ലഭ്യമാകുകയെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു. മറ്റ് സാധനങ്ങൾ 40 ശതമാനം വിലക്കുറവിൽ ലഭിക്കും. കൂടാതെ ജൈവ പച്ചക്കറിയും 396 രൂപ വില വരുന്ന മിൽമയുടെ ആറ് ഇനങ്ങളടങ്ങിയ സ്‌പെഷ്യൽ കിറ്റ് 287 രൂപക്കും ഓണച്ചന്തയിൽ കിട്ടും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ചടങ്ങിൽ സംബന്ധിച്ചു.