Sunday
21 December 2025
21.8 C
Kerala
HomeKeralaകരിമ്പ് കൃഷി പുനരുജ്ജീവനവും ശർക്കര ഉൽപാദന പദ്ധതിയും ആരംഭിച്ചു

കരിമ്പ് കൃഷി പുനരുജ്ജീവനവും ശർക്കര ഉൽപാദന പദ്ധതിയും ആരംഭിച്ചു

കരിമ്പ് കൃഷി വ്യാപിപ്പിക്കാനും അതിൽനിന്നും ശർക്കര ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കരിമ്പ് കൃഷി പുനരുജീവനവും ശർക്കര ഉത്പാദനവും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കർഷകരുടെ ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്ത് കരിമ്പ് കൃഷി നടത്താനും അതിൽ നിന്ന് ശർക്കര ഉത്പാദിപ്പിച്ച് കർഷക ഉത്പാദക സംഘടനകളുടെ ചുമതലയിൽ വിപണനം നടത്തുന്നതിനുമാണ് പദ്ധതി തയാറാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കരിമ്പ് കൃഷി പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഈ വർഷം 25 ലക്ഷം രൂപ വിനിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വള്ളിക്കോട് പഞ്ചായത്തും പദ്ധതിക്ക് തുക വകയിരുത്തിയിട്ടുണ്ട്.

കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പങ്കാളികളാകാം. കൃഷിവകുപ്പിൽ നിന്നും കർഷക ഗ്രൂപ്പുകൾക്ക് സബ്സിഡി ലഭ്യമാകും. ജില്ലയിൽ പ്രവർത്തിക്കുന്ന കർഷക ഉത്പാദക കമ്പനികൾ ശർക്കരയുടെ വിപണനം ഏറ്റെടുക്കും.

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജാൻസി കെ. കോശി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ജോസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments