പാകിസ്താനെ കണ്ണീരിലാഴ്ത്തി മഹാ പ്രളയം

0
88

പാക്കിസ്ഥാനെ കണ്ണിരിലാഴ്ത്തുകയാണ് നി‍ർത്താതെ പെയ്യുന്ന കനത്ത മഴ. മഹാ പ്രളയത്തിൽ പാകിസ്ഥാനിൽ ആയിരത്തിലേറെ പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. പ്രളയ സാഹചര്യത്തിൽ പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രമുഖ അന്താരാഷ്ട്രാ മാധ്യമങ്ങളായ ബി ബി സിയും അൽ ജസീറയുമടക്കം റിപ്പോ‍ർട്ട് ചെയ്തു. മാരകമായ വെള്ളപ്പൊക്ക കെടുതികളെ നേരിടാൻ ലോകം പാക്കിസ്ഥാനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഭ്യർത്ഥിച്ചു.

മൂന്നര കോടിയോളം മനുഷ്യർ മഹാപ്രളയത്തിൻറെ കെടുതി നേരിട്ട് അനുഭവിക്കുകയാണെന്നാണ് പാക്കിസ്ഥാനിൽ നിന്നുള്ള വിവരം. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായപ്പോൾ പരിക്കേറ്റവരുടെ എണ്ണം വളരെ അധികമാണ്. ഏഴ് ലക്ഷത്തോളം വീടുകളാണ് രാജ്യത്ത് തകർന്നത്. 150 പാലങ്ങളും മൂവായിരത്തിലധികം കിലോമീറ്റർ റോഡും പ്രളയത്തിൽ നശിച്ചിട്ടുണ്ട്.

57 ലക്ഷം ജനങ്ങൾ പ്രളയത്തിൽ അഭയകേന്ദ്രങ്ങളില്ലാതെ നിൽക്കുകയാണെന്നും പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡ‍ോൺ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്വാ മേഖലകളിലാണ് കനത്ത നാശം റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ മാത്രം 24 പാലങ്ങളും 50 വലിയ ഹോട്ടലുകളും ഒലിച്ചുപൊയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.