അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിനായി രൂപീകരിച്ച താത്ക്കാലിക സമിതി പിരിച്ചുവിട്ട സുപ്രീം കോടതി ഈ ചുമതലകൾ ആക്ടിംഗ് സെക്രട്ടറി ജനറലിന് കൈമാറി ഉത്തരവിട്ടു. താത്ക്കാലിക ഭരണ സമിതി പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ പിൻവലിക്കുമെന്ന് കരുതുന്നതായി സുപ്രീം കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് സുപ്രീം കോടതി ഒരാഴ്ച്ചത്തേയ്ക്ക് നീട്ടിവച്ചു. പുതിയ കരട് ഭരണഘടന പരിശോധിക്കാൻ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, സമർ ബൻസാൽ എന്നിവരോട് അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കാനും നിർദ്ദേശിച്ചു.
സുപ്രീം കോടതി താത്ക്കാലിക ഭരണ സമിതിയെ നിയമിച്ചത് ബാഹ്യ ഇടപെടലാണെന്ന് വിലയിരുത്തിയാണ് ഫിഫ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് സസ്പെൻഷൻ ഏപ്പെടുത്തിയത്. ഇതിനെ തുടർന്ന് താത്ക്കാലിക ഭരണ സമിതിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയ പരിധി ആഗസ്റ്റ് 28 ആയിരുന്നു. എക്സിക്യൂട്ടീവ് കൗൺസിലിൽ ആകെ 23 അംഗങ്ങളാണുള്ളത്. ഇതിൽ 17 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. പ്രധാന കളിക്കാരെയാണ് ബാക്കി 6 സ്ഥാനങ്ങളിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. ഇതിൽ 4 പുരുഷന്മാരും 2 വനിതകളുമായിരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർമാരായി ഉമേഷ് സിൻഹ, തപസ് ഭട്ടാചാര്യ എന്നിവരെ തീരുമാനിച്ചു.