വിദ്യാലയങ്ങളില്‍ ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

0
71

വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാർത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച്‌ ഉചിതമായ യൂണിഫോം തീരുമാനിച്ച്‌ നടപ്പിലാക്കുകയാണ് വേണ്ടത്.

യൂണിഫോമിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേൽപ്പിക്കുന്നത് ഈ സർക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തിൽ വ്യക്തികൾക്ക് സാമൂഹ്യകടമകൾക്ക് അനുസൃതമായുള്ള സർവ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേൽപ്പറഞ്ഞവയെ ഹനിക്കാൻ പാടില്ലായെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നുമില്ല.

പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിർമ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സ്ത്രീകളുടെ മേലുൾപ്പെടെ വസ്ത്രധാരണ രീതി അടിച്ചേൽപ്പിക്കാൻ ഉണ്ടാകുന്ന ശ്രമങ്ങൾ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നിൽക്കുന്ന ഒന്നാണ്. അത്തരം വാദഗതികൾ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സർക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവർ അർഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സർക്കാർ കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മളേവരും മുൻകൈ എടുക്കേണ്ടത്.

സർക്കാരിന്റെ എല്ലാ പിന്തുണയും ഇതിനുണ്ടായിരിക്കുന്നതാണ്. നമ്മുടെ സമൂഹത്തിൽ സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകൾ തീർത്തും നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സംസ്ഥാനം ലിംഗനീതിയുടെ കാര്യത്തിൽ ഏറ്റവും മുമ്ബിലാണെന്ന് നിതിആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. പലവിധ കാരണങ്ങളാൽ അനവധി പരാധീനതകൾ നേരിട്ടിരുന്ന നമ്മുടെ സ്ത്രീ സമൂഹത്തെ ശാക്തീകരണത്തിന്റെ പാതയിലേക്ക് നയിക്കാൻ സർക്കാരും ബഹുജന പ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും വലിയപങ്കാണ് വഹിച്ചിട്ടുള്ളത്. രാജ്യത്തിന് ആകെ മാതൃകയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സീറ്റുകൾ വനിതകൾക്കായി ഉറപ്പുവരുത്തിയ സംസ്ഥാനമാണ് കേരളം. കുറഞ്ഞ മാതൃമരണ നിരക്ക്, ഉയർന്ന ലിംഗാനുപാതം, സ്ത്രീകളുടെ ഉയർന്ന ജീവിതദൈർഘ്യം എന്നീ സൂചികകളിലെല്ലാം കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്.

വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ പെൺകുട്ടികളുടെ പ്രാതിനിധ്യം ശ്രദ്ധേയമാണ്. ഹൈസ്‌കൂൾതലം വരെ പെൺകുട്ടികളുടെ പ്രവേശനനിരക്ക് 48 ശതമാനമാണ്. ഹയർ സെക്കണ്ടറി തലത്തിൽ 51.82 ശതമാനവും. ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ബിരുദകോഴ്‌സുകളിൽ പ്രവേശനം നേടുന്നവരുടെ 64.6 ശതമാനവും ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം നേടുന്നവരുടെ 64.89 ശതമാനവുമാണ്. തൊഴിലധിഷ്ഠിത കോഴ്‌സുകളായ നഴ്‌സിംഗ്, ലാബ് ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകളിലെ പെൺകുട്ടികളുടെ പ്രാതിനിധ്യം 81.35 ശതമാനമാണ്. എഞ്ചിനീയറിംഗ് പോളിടെക്‌നിക്ക് മേഖലയിൽ മാത്രമാണ് പെൺകുട്ടികളുടെ പ്രാതിനിധ്യം കുറഞ്ഞ് നിൽക്കുന്നത്. അതും ഇപ്പോൾ വർദ്ധനവിന്റെ സൂചന കാണിക്കുന്നുണ്ട്.

കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 25.4 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 23.3 ശതമാനത്തേക്കാൾ ഉയർന്നതാണ്. കുടുംബശ്രീ പോലുള്ള സ്വയംസഹായ സംഘങ്ങൾ വനിതകളുടെ നേതൃത്വത്തിലുള്ളതാണ്. അന്തർദേശീയതലത്തിൽ തന്നെ ഈ മാതൃക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

2017-18 മുതൽ സംസ്ഥാനത്ത് ജൻഡർ ബഡ്ജറ്റ് അവതരിപ്പിക്കുന്നുണ്ട്. 2022-23 ലെ ബഡ്ജറ്റിൽ ജൻഡർ ബഡ്ജറ്റിന്റെ വിഹിതം 20.90 ശതമാനമാണ്. ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ചത് കേരളമാണ്. ഈ വിഭാഗത്തിൽ വരുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾക്കും ഇതേ പ്രാധാന്യത്തോടെയുള്ള പരിഗണന നൽകുക എന്നതും സർക്കാരിന്റെ നയമാണ്.

ഉയർന്ന സൂചികകൾ നിലനിൽക്കുമ്ബോഴും കേരളത്തിലെ സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ സർക്കാരിന് തികഞ്ഞ ബോധ്യമുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ആൺകോയ്മ വ്യവസ്ഥ എന്നിവ സമൂഹ മനഃസ്ഥിതിയിൽ പരിവർത്തനമുണ്ടായാലേ മാറുകയുള്ളൂ. ഇതിന് വിഘാതം നിൽക്കുന്ന പ്രസ്താവനകൾ ചില കേന്ദ്രങ്ങളിൽനിന്നും ഉണ്ടാകുന്നു എന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.