വിലക്കയറ്റം പരിഗണിച്ച്‌ ഗോതമ്പ് ഇറക്കുമതി ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ഭക്ഷ്യമന്ത്രാലയം

0
45

രാജ്യത്തെ ഗോതമ്ബ് ശേഖരം 14 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിയതോടെ പൊതുവിപണിയില്‍ രണ്ടാഴ്ചയായി വില കുതിക്കുകയാണ്. ഗോതമ്പ് ക്ഷാമം കണക്കിലെടുത്ത് ഇറക്കുമതിക്ക് അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന് മില്ലുടമകളുടെ സംഘടന ആവശ്യപ്പെട്ടു. ഗോതമ്ബിന് 40 ശതമാനമാണ് ഇറക്കുമതിത്തീരുവ. ഇത് കുറയ്ക്കണമെന്നാണ് ആവശ്യം.

റഷ്യ–- ഉക്രയ്ന്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുമെന്നും ലോകത്തിന് ഭക്ഷണമൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വലിയ ഇടിവുണ്ടായി. 111 ദശലക്ഷം ടണ്‍ ഉല്‍പ്പാദനമാണ് പ്രതീക്ഷിച്ചതെങ്കിലും ഉത്തരേന്ത്യയിലെ കടുത്ത ചൂട് കൃഷിയെ ബാധിച്ചു. ഉല്‍പ്പാദനം 107 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് കണക്കുകള്‍. സ്ഥിതി ഇതിലും മോശമാണെന്നും 98 മുതല്‍ 102 ദശലക്ഷം ടണ്‍വരെ മാത്രമാകും പരമാവധി ഉല്‍പ്പാദനമെന്നുമാണ് വ്യാപാരി സംഘടനകള്‍ പറയുന്നത്. ക്ഷാമസാധ്യത കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായി ഗോതമ്പിന്റെ കയറ്റുമതി മെയില്‍ വിലക്കി.

കയറ്റുമതി വിലക്കിയിട്ടും സമീപ ദിവസങ്ങളില്‍ ഗോതമ്ബ് വില വര്‍ധിക്കുകയാണ്. രണ്ടാഴ്ചയില്‍ ക്വിന്റലിന് 350 രൂപ കൂടി. ഗോതമ്പിന്റെ വിലക്കയറ്റം ജൂലൈയില്‍ 13.6 ശതമാനത്തിലേക്ക് ഉയര്‍ന്നു. ശേഖരം 14 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്ഥിതിയിലേക്ക് എത്തിയതോടെയാണ് ഗോതമ്ബ് ഇറക്കുമതി വേണ്ടിവരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. ലോകത്തിന് ഭക്ഷണമൊരുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അമ്ബേ പാളിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇത് സര്‍ക്കാരിന് നാണക്കേടായതോടെയാണ് ഭക്ഷ്യമന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നത്.

ഗോതമ്പ് ഇറക്കുമതിക്ക് പദ്ധതിയില്ലെന്നും ആഭ്യന്തര ഉപയോഗത്തിനും പൊതുവിതരണത്തിനും ആവശ്യത്തിന് ശേഖരമുണ്ടെന്നും ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.