മട്ടന്നൂർ നഗരസഭ എൽ ഡി എഫ് നിലനിർത്തി

0
80

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ ഓഗസ്റ്റ് 20 ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഇരുപത്തിയൊന്നും യു.ഡി.എഫ് പതിനാലും വാർഡുകളിൽ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

എൽ ഡി എഫ് കക്ഷി നില – 21 (സി പി ഐ (എം) 19, സി.പി.ഐ 1, ഐ.എൻ.എൽ 1) യു ഡി എഫ് കക്ഷി നില -14 – (ഐ എൻ സി (ഐ) 9, ഐ യു എം എൽ 5). കീച്ചേരി, കല്ലൂർ, മുണ്ടയോട്, പെരുവയൽക്കരി, ബേരം, കായലൂർ, കോളാരി, പരിയാരം, അയ്യല്ലൂർ, ഇടവേലിക്കൽ, പഴശ്ശി, ഉരുവച്ചാൽ, കരേറ്റ, കുഴിക്കൽ, കയനി, ദേവർകാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയർപോർട്ട്, ഉത്തിയൂർ എന്നീ വാർഡുകളിൽ ആണ് എൽ.ഡി.എഫ് വിജയിച്ചത്.

വോട്ടെണ്ണൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ 10ന് ആരംഭിച്ചു. പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 11ന് നടക്കും. വരണാധികാരിയായ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രതിജ്ഞാ ചടങ്ങ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ പ്രായം കൂടിയ കൗൺസിലർ ആദ്യം വരണാധികാരി മുമ്പാകെയും മറ്റുള്ളവർ ആദ്യം പ്രതിജ്ഞ ചെയ്ത കൗൺസിലർ മുമ്പാകെയുമാണ് പ്രതിജ്ഞയെടുക്കുക.