സിംബാബ്‌വേക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ വിജയമൊരുക്കിയ സഞ്ജു തന്നെ അത്ര പെട്ടെന്ന് ഒതുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ 38.1 ഓവറില്‍ 161 റണ്‍സ് എടുക്കാനെ സിംബാബ്‌വേക്ക് സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ സഞ്ജുവിന്റെ മികവില്‍ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഇന്നസെന്റ് കയ്യ എറിഞ്ഞ 26ാം ഓവറിന്റെ നാലാം പന്ത് സിക്സ് പറത്തി ധോണി സ്റ്റൈലില്‍ ആയിരുന്നു സഞ്ജു ഇന്ത്യക്ക് വിജയമൊരുക്കിയത്. 39 പന്തില്‍ 43 റണ്‍സെടുത്ത സഞ്ജു തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മാന്‍ ഒഫ് ദ മാച്ച് പുരസ്കാരവും സഞ്ജുവിന് തന്നെയാണ്. സിംബാബ്‌വേ ഇന്നിംഗ്സില്‍ വിക്കറ്റിന് പിന്നില്‍ നടത്തിയ മികച്ച പ്രകടനം കൂടി കണക്കിലെടുത്താണ് സഞ്ജുവിനെ മാന്‍ ഒഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തത്.
മൂന്ന് ക്യാച്ചുകളാണ് സഞ്ജു ഇന്നത്തെ മത്സരത്തില്‍ എടുത്തത്. മത്സരത്തില്‍ ഇന്ത്യ നേടിയ നാല് സിക്സറുകളും പറന്നത് സഞ്ജുവിന്റെ ബാറ്റില്‍ നിന്നായിരുന്നു എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. ഒരു ഘട്ടത്തില്‍ 97ന് നാല് വിക്കറ്റ് നഷ്ടത്തില്‍ പതറിയ ഇന്ത്യയെ കരകയറ്റിയത് അഞ്ചാം വിക്കറ്റില്‍ സഞ്ജുവും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയ 56 റണ്‍സിന്റെ കൂട്ടുക്കെട്ടാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്‌ക്ക് വേണ്ടി 42 പന്തില്‍ 42 റണ്‍സെടുത്ത സീന്‍ വില്യംസും 47 പന്തില്‍ 39 റണ്‍സെടുത്ത റിയാന്‍ ബുള്ളും മാത്രമാണ് പൊരുതിയത്. ഇന്ത്യയ്ക്കായി ശാര്‍ദൂല്‍ താക്കൂര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്ബര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സിംബാബ്‌വെയെ 189 റണ്‍സിന് ആള്‍ ഔട്ടാക്കിയ ശേഷം 115 പന്തുകള്‍ ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യയുടെ വിജയം.