സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് നിർവഹിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. അതിന് പിന്നാലെ ജില്ലാ കേന്ദ്രങ്ങളിൽ വിതരണോദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികൾ നിർവഹിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞ കാർഡ് ഉടമകൾക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക. പിങ്ക് കാർഡ് ഉടമകൾക്ക് 25,26, 27 തീയതികളിലും നീല നിറ കാർഡുള്ളവർക്ക് 29,30,31 തീയതികളിലും ഓണക്കിറ്റ് വിതരണം ചെയ്യും.
വെള്ളക്കാർഡ് ഉടമകൾക്ക് സെപ്റ്റംബർ 1 മുതൽ മൂന്ന് വരെ കിറ്റുകൾ വിതരണം ചെയ്യും. നിശ്ചിത തീയതികളിൽ ഓണക്കിറ്റ് വാങ്ങാത്തവർക്ക് സെപ്റ്റംബർ നാലുമുതൽ 7 വരെ വാങ്ങാൻ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല. അതിനിടയിൽ തന്നെ എല്ലാവരും ഓണക്കിറ്റ് വാങ്ങണമെന്ന് മന്ത്രി പറഞ്ഞു. റേഷൻ കാർഡ് ഉടമകൾ അതാത് റേഷൻ കടയിൽ നിന്നുതന്നെ വാങ്ങാൻ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു
തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. ഇത്തവണ കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്‌സും നൽകുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ ഓർഡറാണ് കുടുംബശ്രീക്ക് നൽകിയത്. നേന്ത്രക്കായ ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിർമ്മാണവും പാക്കിങ്ങും നടന്നത്