ഇന്ത്യന്‍ സംഘത്തോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ബിസിസിഐയുടെ നിര്‍ദേശം

0
87

ഏകദിന പരമ്പരക്കായി സിംബാബ്‌വെയില്‍ എത്തിയ ഇന്ത്യന്‍ സംഘത്തോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ബിസിസിഐയുടെ നിര്‍ദേശം. അധിക സമയം കുളിക്കാന്‍ എടുക്കരുത് എന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്.

കടുത്ത ജലദൗര്‍ലഭ്യമാണ് ഹരാരെയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. ശുദ്ധ ജലം ലഭിക്കുന്നതിനായി ആളുകളുടെ നീണ്ട നിരയാണ് നഗരത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് വെള്ളത്തിന്റെ ഉപയോഗം എത്രമാത്രം കുറയ്ക്കാന്‍ സാധിക്കുമോ അത്രയും കുറയ്ക്കാന്‍ ബിസിസിഐ കളിക്കാരോട് നിര്‍ദേശിച്ചത്.

ജല ദൗര്‍ലഭ്യം കണക്കിലെടുത്ത് പൂള്‍ സെഷനും റദ്ദാക്കി. ഹരാരെയിലെ ജല ക്ഷാമം രൂക്ഷമാണ്. കളിക്കാരെ ഇത് അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരള്‍ച്ചയെ തുടര്‍ന്ന് അല്ല ഇപ്പോഴുണ്ടായിരിക്കുന്ന ജലക്ഷാമം. ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ജലദൗര്‍ലഭ്യതയ്ക്ക് കാരണം.

ഇന്ത്യന്‍ ടീം തങ്ങുന്ന ഹോട്ടലില്‍ വെള്ളത്തിന് ബുദ്ധിമുട്ടില്ല. എന്നാല്‍ ആളുകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ വെള്ളം ഉപയോഗിക്കാനാണ് ബിസിസിഐയുടെ നിര്‍ദേശം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യ സിംബാബ് വെയില്‍ കളിക്കുന്നത്. ആദ്യ മത്സരം നാളെ നടക്കും.