ജനകീയതയിൽ മുൻപന്തിയിലാണ് ഈ ജനകീയ ഹോട്ടൽ

0
118

ജനകീയതയിൽ തലയെടുപ്പോടെ ശ്രദ്ധേയമാവുകയാണ് കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടൽ. കൊവിഡ് സമയത്ത് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ഇതുവരെ ഒന്നര ലക്ഷത്തിലധികം പേർക്കാണ് ഊണ് വിളമ്പിയത്. കോഴിക്കോട് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഹോട്ടലുകൂടിയാണിത്.

350 ൽ അധികം ആളുകളാണ് ദിവസവും ഇവിടുന്ന് ഭക്ഷണം കഴിക്കുന്നത്. 20 രൂപക്ക് ചോറ്, രണ്ട് തരം കറി, അച്ചാർ, ഉപ്പേരി തുടങ്ങിയ വിഭവങ്ങളാണ് നൽകുന്നത്. വയറും നിറയും കാശും ലാഭിക്കാം എന്നതാണ് പ്രത്യേകത. പുറമെ മിതമായ നിരക്കിൽ ചിക്കൻ, ബീഫ്, വറുത്തമീൻ, ഓംലെറ്റ് തുടങ്ങിയ സ്‌പെഷ്യൽ വിഭവങ്ങളും ഇവിടെ നിന്ന് ലഭിക്കും. പാർസൽ ഊണിന് 25 രൂപയാണ് വില.

‘മണി പന്ത്രണ്ട് ആകുന്നതോടെ നല്ല തിരക്കാവും, മൂന്ന് മണിയാവുമ്പോഴേക്കും എല്ലാം കാലിയാകും’ ജനകീയ ഹോട്ടലിനെക്കുറിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലേഷ് പറയുന്നതിങ്ങനെ. കഴിക്കാനെത്തുന്ന കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം ഊണിനെക്കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം. ‘നല്ല രുചി വിലയോ തുച്ഛം.’

പ്രബിഷ, പ്രീഷ, രജനി, ചന്ദ്രി, ഷൈനി എന്നീ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന്റെ പ്രവർത്തനത്തിനാവശ്യമായ സ്ഥലം പഞ്ചായത്ത് ഭരണാസമിതി വിട്ടുനൽകുകയായിരുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഉച്ചഭക്ഷണം ലഭിക്കാൻ തുടങ്ങിയതോടെ ഹോട്ടൽ ജനകീയമായി മാറുകയായിരുന്നു. ഒപ്പം കുടുംബശ്രീ അംഗങ്ങൾക്ക് ഒരു വരുമാനമാർഗവും.

2020 സെപ്റ്റംബർ മാസത്തിലാണ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. അന്ന് വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ഹോട്ടലിലെ തിരക്കും ഊണിനെക്കുറിച്ച് ആളുകളുടെ അഭിപ്രായവും കൂടി വന്നതോടെ 2021- ൽ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ഹോട്ടലിന് സ്വന്തം കെട്ടിടം പണിയുകയും പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുമായിരുന്നു.