ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനം മാറും: മുഖ്യമന്ത്രി

0
117

ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ളവരും കൃഷിയിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കൃഷി ദർശൻ പരിപാടിയുടെയും കാർഷിക ദിനാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡുകളുടെ വിതരണവും തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നാടായതിനാൽ കേരളത്തിന്റെ ആഘോഷങ്ങളും കൃഷിയുമായി ബന്ധപ്പെട്ടതാണ്. ഭക്ഷ്യ സ്വയം പര്യാപ്തത എന്ന നിലയിലേക്ക് സംസ്ഥാനം മാറണം. ധാന്യങ്ങളും പച്ചക്കറികളും പഴവർഗങ്ങളും നാണ്യ വിളകൾ ഉൾപ്പെടെയുള്ളവയുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ കഴിയണം. കാർഷികോൽപ്പന്നങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി കഴിഞ്ഞു. എന്നാൽ അവ കേടുകൂടാതെ മാർക്കറ്റുകളിലടക്കം എത്തിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നനാവശ്യമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. നാല് അന്തർദ്ദേശീയ വിമാനത്താവളങ്ങളുള്ള കേരളം ഈ സാധ്യത ഉപയോഗപ്പെടുത്തി വിദേശരാജ്യങ്ങളിലടക്കം കാർഷികവിഭവങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയുന്ന നിലയിലേക്ക് ഉയരുകയാണ് വേണ്ടത്.

ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും കർഷകരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം. കാർഷിക സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും പിന്തുണ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാത്തരം കൃഷിയും സാധ്യമാകുന്ന മണ്ണാണ് കേരളത്തിന്റേതെന്ന് നമ്മുടെ കർഷകർ തെളിയിച്ചു. യുവതലമുറ സജീവമായി കൃഷിയിലേക്കു കടന്നുവരുന്നതിന് വിദ്യാർത്ഥികളെ കൃഷിയുമായി ബന്ധിപ്പിക്കുവാൻ കഴിയണം. കാർഷിക സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്ക് കോഴ്സിന്റെ അവസാനവർഷം 2500 രൂപ സ്‌റ്റൈപ്പന്റ് നൽകി പ്രായോഗിക പരിശീലന പരിപാടി നടപ്പിലാക്കും. കർഷകർക്ക് വിദ്യാർത്ഥികളുടെ ശാസ്ത്രീയ അറിവുകൾ ലഭ്യമാക്കുന്നതിനും പ്രാദേശികമായ കൃഷി അറിവുകളും ധാരണകളും വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് നൽകുന്നതിനും ഇതുപകരിക്കും. തരിശു രഹിത മണ്ഡലങ്ങൾ, ഗ്രാമങ്ങൾ എന്ന സർക്കാരിന്റെ പദ്ധതി വ്യാപകമാക്കാൻ നമുക്കായി. കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ അനാരോഗ്യകരമായ ഘടകങ്ങൾ പൊതുജനം മനസ്സിലാക്കിയത് കൃഷി വ്യാപകമാകുന്നതിനു കാരണമായി. മഹാപ്രളയവും കാലവർഷവും പ്രതികൂലമായി സംസ്ഥനത്തെ ബാധിച്ചപ്പോഴും നമ്മൾ ലക്ഷ്യത്തിലേക്ക് മുന്നേറി.

പാൽ, മുട്ട, മാംസം എന്നിവയിലും നമ്മൾ സ്വയം പര്യാപ്തത നേടേണ്ടതുണ്ട്. കർഷക ദിനാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കൃഷിദർശൻ പരിപാടിയിൽ കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് അറിയുക എന്നത് സ്വാഗതാർഹമാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നിലവിലെ പ്രശ്‌നങ്ങൾ വിശദമായി മനസ്സിലാക്കി പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയണം. ഗ്രോ ബാഗുകളും വിളകളും വ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കാനും നമുക്ക് സാധിക്കണം. നമ്മുടെ ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഈ മണ്ണിൽ നിന്നുതന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ കർഷകദിനാചരണം പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഫലവൃക്ഷമായ പ്ലാവിൻ തൈ നനച്ചാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വിവിധ വിഭാഗങ്ങളിലെ സംസ്ഥാന കർഷക അവാർഡുകളും അദ്ദേഹം വിജയികൾക്ക് സമ്മാനിച്ചു.

ചടങ്ങിൽ സിനിമാതാരം ജയറാമിനെ മുഖ്യമന്ത്രി ആദരിച്ചു. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു തുടങ്ങിയവർ സംബന്ധിച്ചു.