Sunday
26 January 2025
31.8 C
Kerala
Home Kerala ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

0
64

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ‘വിഗ്രഹ’ സ്വയംസഹായ സംഘം. സാംസ്‌കാരിക വകുപ്പിന്റെയും കരകൗശല വികസന കോര്‍പ്പറേഷന്റെയും സഹായത്തോടെയാണ് കുഞ്ഞിമംഗലത്തിന്റെ വെങ്കല ശില്‍പകലാപാരമ്പര്യം നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഈ കൂട്ടായ്മയില്‍ പിറക്കുന്ന ശില്‍പങ്ങള്‍ക്ക് ഇന്ത്യക്ക് അകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയാണ്. പഞ്ചലോഹം, പിച്ചള, വെങ്കലം, വെള്ളി, സ്വര്‍ണം തുടങ്ങിയ ലോഹങ്ങളില്‍ കുഞ്ഞിമംഗലത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ഒട്ടനവധി രൂപങ്ങള്‍ ഇവിടെ വാര്‍ത്തെടുക്കുന്നു.

കുഞ്ഞിമംഗലം വിളക്കുകള്‍ക്കാണ് ഏറെ പ്രചാരം. മുഖങ്ങള്‍, തെയ്യച്ചമയങ്ങള്‍, പൂജാകര്‍മ്മങ്ങള്‍ക്കുള്ള സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, അഷ്ടദിക്പാലകര്‍, ദേവവാഹനങ്ങള്‍, വിഗ്രഹങ്ങള്‍, കൊടിമരം, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ലോഹശില്‍പ്പങ്ങളാണ് ഇവിടെ മെനയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ലോഹങ്ങളുടെ വിലക്കൂടുതല്‍, അലൂമിനിയം, സ്റ്റീല്‍ പാത്രങ്ങളുടെ കടന്നുവരവ് തുടങ്ങിയ പ്രതിസന്ധികള്‍ വെല്ലുവിളികളാകുമ്പോഴും ശില്‍പകലാ വൈഭവം തലമുറകളുടെ കണ്ണിയറ്റു പോകാതെ കാക്കുകയാണ് ഇവര്‍.

കൂടുതല്‍ പേരും അവരവരുടെ വീടുകളില്‍ നിന്നാണ് തൊഴിലെടുക്കുന്നതെങ്കിലും ഒരു പൊതു സംവിധാനം ആവശ്യമായിരുന്നു ഇവര്‍ക്ക്. ഇതിനായി വെങ്കല പൈതൃക ട്രസ്റ്റും ബെല്‍ മെറ്റല്‍ ക്ലസ്റ്ററും രൂപീകരിച്ചു. 2018 ലാണ് മൂശാരിക്കൊവ്വലിലെ താല്‍ക്കാലിക കെട്ടിടത്തില്‍ ബെല്‍ മെറ്റല്‍ ക്ലസ്റ്ററും പൊതുസേവന കേന്ദ്രവും തുടങ്ങിയത്. കേന്ദ്ര സംസ്ഥാന കരകൗശല കോര്‍പ്പറേഷനുകളുടെ സഹായത്തോടെ ഐഡിപിഎച്ച് (ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ആന്റ് പ്രൊമോഷന്‍ ഓഫ് ഹാന്റി ക്രാഫ്റ്റ്) സ്‌കീമില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികളിലായി 22 ലക്ഷത്തോളം രൂപ അനുവദിച്ചു. ശില്‍പ നിര്‍മാണത്തിന് ആവശ്യമായ യന്ത്രങ്ങളും കലാകാരന്മാര്‍ക്കുള്ള ടൂള്‍കിറ്റുകളും രണ്ട് മാസത്തെ പരിശീലനവും സൗജന്യമായി നല്‍കി. കേരള കരകൗശല വികസന കോര്‍പ്പറേഷനാണ് നിര്‍വഹണ ഏജന്‍സി.

2019ലാണ് പൊതുസേവന കേന്ദ്രത്തില്‍ വിഗ്രഹ സ്വയംസഹായ സംഘം തുടങ്ങിയത്. വി വി രാജന്‍, വി വി ശശി, പി ചന്തു, കെ വി ബാലകൃഷ്ണന്‍, പി വത്സന്‍, പി സുരേശന്‍, പി ബാബു, ടി പത്മനാഭന്‍, പി രവി, പി കിരണ്‍ എന്നീ ശിലിപികളാണ് വിഗ്രഹയുടെ അടിത്തറ .

കുഞ്ഞിമംഗലത്ത് കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ദേശീയ, സംസ്ഥാന ക്യാമ്പുകള്‍, ക്ഷേത്ര കലാ അക്കാദമി സംഘടിപ്പിച്ച ശില്‍പി ശില്‍പകലാ ക്യാമ്പുകള്‍ തുടങ്ങിയവ ഏറെ ശ്രദ്ധേയമായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ഫൈനാര്‍ട്സ് കോളേജ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളും ഇവിടെയെത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ശില്‍പകലയെ നേരിട്ടറിയാന്‍ വരുന്നുണ്ട്.

ലോകത്തിന്റെ ഏത് കോണിലെത്തിയാലും തിരിച്ചറിയാവുന്ന കുഞ്ഞിമംഗലം ശൈലി വരും തലമുറക്ക് കാണിച്ചു കൊടുക്കാനായി ഒരു പൈതൃക മ്യൂസിയം ഉണ്ടാകണമെന്നാണ് ഇവരുടെ ആഗ്രഹം. ഒപ്പം ശില്‍പികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കുന്ന അവസ്ഥയുണ്ടാകണമെന്നും ഇവര്‍ പറയുന്നു.